കടുത്തുരുത്തി: ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതു മൂന്ന് പേർ, അതും അമിത വേഗത്തിൽ. നിരത്തുകളിൽ അപകടം വിതച്ചു സഞ്ചരിക്കുന്ന സ്കൂൾ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു. വിദ്യാർഥികളെ ബൈക്ക് നൽകി ഉപയോഗിക്കുന്നതു ലഹരി മാഫിയ ആണെന്നു പരാതി ശക്തമാകുന്നു.
നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് വിവിധ ഭാഗങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലാതെ വിദ്യാർഥികൾ മൂന്നു പേരെയും കയറ്റി അമിത വേഗത്തിൽ സഞ്ചരിക്കുന്നത്. കൂടാതെ മുഖം ഷാളുപയോഗിച്ചും മറ്റും മറച്ചു യുവാക്കളുടെയും വിദ്യാർഥികളുടെയും പിന്നിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന പെണ്കുട്ടികളും സാധാരണമായിരിക്കുകയാണ്.
രാവിലെയും വൈകൂന്നേരങ്ങളിലും സ്കൂളുകളുടെ സമീപത്തുള്ള റോഡുകളിൾ ഇത്തരക്കാരെ കാണാം. യുവാക്കളുടെയും വിദ്യാർഥികളുടെയും ബൈക്കിലെ പ്രകടനം നാട്ടുകാർക്കും മറ്റു വാഹനയാത്രക്കാർക്കും ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. പോലീസ് പിടിയിലാകുന്ന കൗമാരക്കാരും യുവാക്കളും പലപ്പോഴും ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കുന്നവരാണ്. പലയിടത്തും ലൈസൻസ് പോലും ഇല്ലാത്ത വിദ്യാർഥികളാണു ബൈക്കിൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത്.
പല പ്ലസ്ടൂ സ്കൂളിലെയും ആണ്, പെണ് വിദ്യാർഥികൾ സ്കൂട്ടറുകളിലും ബൈക്കുകളിലും എത്തിയശേഷം വാഹനങ്ങൾ സ്കൂളിനു സമീപത്തെ പരിചയക്കാരുടെ വീടുകളിൽ വയ്ക്കുന്ന പതിവാണ്. ബൈക്കിൽ കറങ്ങി നടക്കുന്ന പലരുടെയും സ്വന്തമല്ല ഇവരുടെ കൈവശമുള്ള ബൈക്ക് എന്നതാണ് മറ്റൊരു സത്യം. സാന്പത്തിക ശേഷി ഇല്ലാത്ത വീടുകളിലെ കുട്ടികളും വൻ വില വരുന്ന ആഡംബര ബൈക്കുകളിൽ കറങ്ങുന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്.
കഞ്ചാവ് മാഫിയ വിദ്യാർഥികൾക്കു ബൈക്കും മൊബൈൽ ഫോണും നൽകി വശത്താക്കി കഞ്ചാവ് വിൽപന വ്യാപകമാക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. നാട്ടുകാർക്കും വ്യാപാരികൾക്കും അരോചമുണ്ടാക്കും വിധത്തിലാണ് വിദ്യാർഥികളുടെ ബൈക്കുകളിലെ പരക്കം പാച്ചിൽ. യൂണിഫോം ധരിച്ചു വീടുകളിൽ നിന്നിറങ്ങുന്ന വിദ്യാർഥികൾ വീട്ടുകാരറിയാതെ ബാഗിനുള്ളിൽ കരുതുന്ന മറ്റൊരു ജോടി വസ്ത്രവും കരുതും.
സ്കൂളിനു സമീപമെത്തി യൂണിഫോം മാറിയ ശേഷം ആണ് ബൈക്കിൽ കറങ്ങുന്നത്. കഞ്ചാവു മാഫിയ വിദ്യാർഥികൾക്കു ബൈക്കുകൾ നൽകി ഇവർ മുഖേന കഞ്ചാവ് വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതായും പരാതിയുണ്ട്. പോലീസ് പരിശോധന നടത്തവേ സ്കൂൾ വിദ്യാർഥികളാണെങ്കിൽ പലപ്പോഴും പരിചയക്കാരെ വിളിപ്പിച്ചു വിടുകയാണു പതിവ്. ഇതിനാൽ ബൈക്കുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഞ്ചാവും മറ്റും പിടിക്കപ്പെടാറില്ല.
താലൂക്കിലെ ഒരു സ്കൂളുകളിൽ വാർഷിക ആഘോഷത്തിനു വിദ്യാർഥികൾ മദ്യപിച്ചെത്തിയ സംഭവം സംബന്ധിച്ചു അധ്യാപകർ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.