കടുത്തുരുത്തി: ഡ്രൈവിംഗ് കുട്ടിക്കളിയാക്കി വിദ്യാർഥികൾ. ലൈസൻസ് എടുക്കാൻ പോലും പ്രായമാകുന്നതിനു മുന്പേ വാഹനങ്ങളിൽ പറക്കുന്ന കൗമാരക്കാർ നിരത്തുകളിൽ പതിവു കാഴ്ച്ചയായി മാറി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതു അപകടസാധ്യത പലമടങ്ങ് അധികമാണെന്നു പോലീസും മുന്നറിയിപ്പ് നൽകുന്നു. ഇരുചക്ര വാഹനങ്ങളിലാണു കൗമാരക്കാരുടെ കറക്കം കൂടുതലെങ്കിലും കാറുകളിലും ഡ്രൈവിംഗ് സീറ്റിൽ കുട്ടികളെ കാണാം.
രക്ഷിതാക്കളുടെ അനുവാദത്തോടെയാണു കൊച്ചു കുട്ടികളുടെ ഈ ഡ്രൈവിംഗ് എന്നതു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും ഞെട്ടിക്കുന്നു. അടുത്തിടെ കടുത്തുരുത്തിക്ക് സമീപം പോക്കറ്റ് റോഡിൽനിന്നു മെയിൻ റോഡിലേക്കു പാഞ്ഞുവന്ന കാർ ഒരു ബസിലെ മുഴുവൻ യാത്രക്കാരെയും വിറപ്പിച്ചു. ബസ് വരുന്നതു ശ്രദ്ധിക്കാതെ കാർ റോഡിലേക്കു കയറി വരികയായിരുന്നു. ബസ് ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടിയതിനാൽ അപകടം ഒഴിവായി.
കാർ ഡ്രൈവറെ വിരട്ടാമെന്നു കരുതി കാറിനടുത്തേക്ക് ചെന്ന നാട്ടുകാർ കണ്ടതു ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കുട്ടിയെയാണ്. സ്കൂൾ വിദ്യാർഥിയായ മകന് പിതാവ് ഡ്രൈവിംഗ് പരിശീലനം നൽകുകയായിരുന്നു. ഇത്തരം കാഴ്ച്ചകൾ ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. ഇത്തരത്തിൽ കുട്ടികളുടെ ഡ്രൈവിംഗ് പലപ്പോഴും മറ്റു വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു.
ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ രണ്ടും മൂന്നും പേരെ വരെ കയറ്റിയാണ് ഹെൽമറ്റു പോലുമില്ലാതെയുള്ള വിദ്യാർഥികളുടെ പാച്ചിൽ. ഇത്തരക്കാർ വരുത്തിവയ്ക്കുന്ന അപകടങ്ങളും ചെറുതല്ല. സ്കൂൾ യൂണിഫോമിൽ വരെ വിദ്യാർഥികൾ ഇരുചക്ര വാഹനമോടിച്ചു പോകുന്നതു ഗ്രാമീണ മേഖലയിലെ പ്രധാന കാഴ്ച്ചകളിലൊന്നായി മാറിക്കഴിഞ്ഞു. നാട്ടുകാർക്കും വ്യാപാരികൾക്കും അലോസരമുണ്ടാക്കും വിധം ബീകര ശബ്ധമുണ്ടാക്കിയാണ് വിദ്യാർഥികൾ മരണപാച്ചിൽ നടത്തുന്നത്.
പലപ്പോഴും ഇവരുടെ വാഹനത്തിന്റെ ശബ്ദം കേട്ട് ഓടി മാറിയാണ് വിദ്യാർഥികൾ ഉൾപെടെയുള്ള കാൽനടയാത്രക്കാർ രക്ഷപെടുന്നത്. മുന്പ് പോക്കറ്റ് റോഡുകൾ കേന്ദ്രീകരിച്ചായിരുന്നു കുട്ടികളുടെ വാഹനമോടിക്കലെങ്കിൽ ഇന്നു പ്രധാന പാതകൾ വരെ ഇക്കൂട്ടർ കയ്യടക്കിക്കഴിഞ്ഞു. ഇത്തരത്തിൽ ലൈസൻസില്ലാതെ പിടിയിലായാൽ രക്ഷിതാക്കളെ വിളിപ്പിച്ചു വേണ്ട നിർദേശം നൽകുകയും വൻതുക പിഴ ഈടാക്കുകയും ചെയ്യാറുണ്ടെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു.
ബോധവൽക്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കാറുണ്ടെങ്കിലും രക്ഷിതാക്കളുടെ സഹകരണം കൂടിയുണ്ടെങ്കിലേ ഇത്തരം നിയമലംഘനങ്ങൾ തടയാൻ സാധിക്കുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.