കോട്ടയം: തിരക്കേറിയ നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്ക് അഭ്യാസം.. അതിവേഗത്തിൽ പാച്ചിൽ… കണ്ടു ഭയന്ന നാട്ടുകാർ കൈയോടെ ദൃശ്യം മൊബൈൽ കാമറയിൽ പകർത്തി മോട്ടോർ വാഹന വകുപ്പിനു കൈമാറി.
ദൃശ്യം പരിശോധിച്ച് വാഹനത്തിന്റെ നന്പർ കണ്ടെത്തി പരിശോധിച്ചപ്പോൾ കോട്ടയം അയ്മനം സ്വദേശിയായ അനുരാഗ് പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക് എന്നു കണ്ടെത്തി.
ഇതോടെ നഗരമധ്യത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിനു മോട്ടോർ വാഹനവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
ആർടിഒ ടി.ജെ. സജീവിന്റെ നിർദേശാനുസരണമാണു കേസെടുത്തിരിക്കുന്നത്. കോട്ടയം നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് വാങ്ങിയതിന്റെ പിന്നിലുള്ള അന്പരപ്പിക്കുന്ന കഥകൾകൂടി പുറത്തേക്കു വന്നത്.
അതിവേഗ ബൈക്ക് ആയ ഡ്യൂക്ക് വേണമെന്നു കുറെക്കാലമായി യുവാവ് വീട്ടിൽ ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ, വീട്ടുകാർ ആദ്യം വാങ്ങിക്കൊടുക്കാൻ തയാറായില്ല.
ഇതോടെ ബിബിഎ വിദ്യാർഥിയായ യുവാവ് നയം മാറ്റി ഭീഷണിയുടെ തന്ത്രം ഇറക്കി. എന്നിട്ടും വീട്ടുകാർ പണം നൽകുന്നില്ലെന്നു കണ്ടതോടെ അറ്റകൈ പ്രയോഗമെന്ന നിലയിൽ താൻ കിഡ്നി വിൽക്കാൻ പോവുകയാണെന്നു പ്രഖ്യാപിച്ചു.
കിഡ്നി വിറ്റിട്ടാണെങ്കിലും ബൈക്ക് മേടിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ വീട്ടുകാർ വഴങ്ങി. അങ്ങനെയാണ് ബൈക്ക് വാങ്ങിയെടുത്തത്. ഈ ബൈക്കിലാണ് നഗരമധ്യത്തിൽ അഭ്യാസ പ്രകടനം നടത്തിയത്.
മോട്ടോർ വാഹന വകുപ്പ് അനുരാഗിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുകയാണിപ്പോൾ.