ഇടുക്കി: ഒരു സ്കൂട്ടറില്‍ അഞ്ചുപേര്‍ യാത്ര ചെയ്തതിനു മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസം സാമൂഹ്യസേവനം നടത്താന്‍ ഇടുക്കി ആര്‍ടിഒയുടെ ശിക്ഷ. ഇടുക്കി ആര്‍ടിഒ ആര്. രമണനാണു ശിക്ഷ വിധിച്ചത്.
സ്കൂട്ടറില്‍ കോളജ് വിദ്യാര്‍ഥികള്‍ ഇറക്കവും കയറ്റവുമുള്ള റോഡില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇടുക്കി ആര്‍ടിഒയ്ക്കു ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.
വാഹനം ഓടിച്ച ജോയല്‍ വി. ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. 2,000 രൂപ പിഴയും ഈടാക്കി.
ഇതുകൂടാതെയാണ് സാമൂഹ്യസേവന ശിക്ഷ. കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ഇന്നലെ ആര്‍ടിഒ ഓഫീസിലേക്കു വിളിച്ചുവരുത്തി തെറ്റ് ആവര്‍ത്തിക്കില്ലെന്നു സത്യം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പ് ആശുപത്രി സൂപ്രണ്ടിനും കൈമാറി.
അപകടകരമായ ഡ്രൈവിംഗ് നിരവധി അപകടങ്ങള്‍ക്കു കാരണമാകുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ കോളജുകളിലെയും കുട്ടികളും അവരുടെ രക്ഷിതാക്കളും അറിയാനാണ് ഇത്തരത്തിലൊരു ശിക്ഷ നല്കാന് തീരുമാനിച്ചതെന്ന് ആര്‍ടിഒ പറയുന്നു.