മൂന്നുപീടിക: ദേശീയപാത 66 ൽ ഒരു ബൈക്കിൽ നാലുപേർ കയറിയുള്ള സാഹസിക യാത്ര നടത്തിയ കൗമാരക്കാർക്കെതിരെ കയ്പമംഗലം പോലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് ഉടമയ്ക്കെതിരേയും, കുട്ടികളുടെ മാതാപിതാക്കൾക്കെതിരേയും നടപടിയെടുത്തു.
മൂന്നുപീടികയിൽ നിന്ന് തൃപ്രയാർ ഭാഗത്തേക്കാണു ഒരു ബൈക്കിൽ നാലുപേർ കയറി സാഹസിക യാത്ര നടത്തിയത്. കൗമാരക്കാർ ബൈക്കിൽ ഉല്ലസിച്ച് അപകടകരമായി വളരെയധികം തിരക്കുള്ള ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കുട്ടികൾക്കെതിരെ കയ്പമംഗലം പോലീസ് സ്വമേധയാ കേസെടുത്തത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളാണ് പിടിയിലായ നാലുപേരും. പതിനാറു വയസുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. കൂടെയുള്ള മൂന്നു പേരും സമപ്രായക്കാരുമാണ്. കയ്പമംഗലം , കുളിമുട്ടം സ്വദേശികളാണിവർ. ഇവർ ഓടിച്ച ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് ഉടമയ്ക്കെതിരേയും, കുട്ടികളുടെ മാതാപിതാക്കൾക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്.
പിടിയിലായ കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തിയാണ് പറഞ്ഞു വിട്ടത്. കേരളത്തിൽ വാഹനാപകടങ്ങളിൽ പ്രത്യേകിച്ചും ബൈക്കപകടങ്ങളിൽ പെട്ട് നിരവധി കൗമാരക്കാരുടേയും യുവാക്കളുടേയും ജീവനുകളാണ് ദിനംപ്രതി നഷ്ടപ്പെടുന്നത്. എസ്ഐ കെ.ജെ.ജിനേഷ്, സീനിയർ സി.പി.ഒ.മാരായ സി.കെ.ഷാജു, പി.എ.അഭിലാഷ്, സി.പി.ഒ കിരണ്‍, രാജേഷ് എന്നിവരുടെ സംഘമാണ് മേൽനടപടികൾ സ്വീകരിച്ചത്.