ഇരുചക്രവാഹനങ്ങൾക്കു പിന്നിൽ ഇരിക്കുന്ന സ്ത്രീകളുടെ അശ്രദ്ധ മരണത്തിനു വരെ കാരണമാകാറുണ്ട്. ധരിക്കുന്ന ചുരിദാറിന്റെ ഷാളും സാരിയും മറ്റും ചക്രങ്ങൾക്കിടയിൽ കുരുങ്ങിയാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. മാത്രമല്ല അപകടമുണ്ടാകുമ്പോൾ കഴുത്തിൽ ഷാൾ ചുറ്റി ഗുരുതര പരിക്കേൽക്കുന്നതും ഈ അശ്രദ്ധയുടെ ഭാഗമാണ്.
ഇത്തരം ശീലങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സുരക്ഷ ഉറപ്പു വരുത്തണമെന്ന നിർദ്ദേശം നൽകുന്നത്.
മാത്രമല്ല മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്ക്കാൻ ഫുട് റെസ്റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണെന്നും പോലീസ് നിർദ്ദേശിക്കുന്നു.