കടുത്തുരുത്തി: രാത്രിയിൽ അയൽവാസിയുടെ പറമ്പിൽനിന്നു റോഡിലേക്കു വെട്ടിയിട്ട മരക്കമ്പ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കു മേൽവീണു പരിക്കേറ്റു. യുവതിയുടെ നില ഗുരുതരം. കാട്ടാന്പാക്ക് വിളയംകോട് നെല്ലിക്കുന്നേൽ സന്തോഷ് (41), ഭാര്യ റീന (36) എന്നിവർക്കാണു പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8.30ഓടെ കാപ്പുന്തലവിളയംകോട് റോഡിൽ ഇന്റർമിക്സ ഫാക്ടറിക്കു സമീപമാണു സംഭവം.
കുമരകത്ത് ഹൗസ്ബോട്ടിൽ കുക്കായി ജോലി നോക്കുന്ന സന്തോഷും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ റീനയും അയൽവക്കത്തുള്ള തറവാട്ട് വീട്ടിൽ പോയശേഷം വീട്ടിലേക്കു മടങ്ങുന്പോളാണ് അപകടം.
സമീപവാസിയായ ഉണ്ണി എന്നു വിളിക്കുന്ന കൃഷ്ണകുമാർ(42) ആണ് മരം വെട്ടിയിട്ടതെന്നു സന്തോഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അബോധാവസ്ഥയിലുള്ള റീന തീവ്രപരിചരണ വിഭാഗത്തിലാണ്.
അയൽവാസിയും റോഡിന് എതിർവശത്തു താമസിക്കുന്നയാളുമായ ബേബിച്ചന്റെ പുരയിടത്തിൽനിന്നിരുന്ന മാവിന്റെ കന്പ് രാത്രിയിൽ അനുമതിയില്ലാതെ കൃഷ്ണകുമാർ വെട്ടിയിട്ടപ്പോളാണു ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുകളിലേക്കു വീണതെന്നു പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു. റീനയുടെ തലയിലാണു മരക്കന്പ് വന്നു വീണത്. കമ്പുവന്നു വീണതിനെത്തുടർന്നു ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിൽ വീണിരുന്നു.
പരിക്കേറ്റു വഴിയിൽ കിടന്ന ഇരുവരെയും ആശുപത്രിയിലെത്തിക്കാൻ കൃഷ്ണകുമാർ തയാറായില്ലെന്നും പരാതിയുണ്ട്. ഈ സമയം ഇതുവഴിയെത്തിയ ഓട്ടോറിക്ഷക്കാരനാണു സമീപത്തെ ആശുപത്രിയിൽ ദമ്പതികളെ എത്തിച്ചത്. അയൽവാസിയുമായി ബന്ധപ്പെട്ട വഴക്കാണ് അയാളുടെ മരത്തിന്റെ കന്പ് വെട്ടിക്കളയാൻ കാരണമെന്നു പോലീസ് പറഞ്ഞു