വെള്ളക്കെട്ടിലും കുത്തൊഴുക്കിലും ഏതുവാഹനമായാലും ഓടിക്കാതിരിക്കുന്നതാണു വണ്ടിക്കും യാത്രക്കാർക്കും സുരക്ഷിതം. പ്രത്യേകിച്ചും ടയർമൂടുന്ന ഉയരത്തിലാണു വെള്ളമെങ്കിൽ വാഹനത്തിനു പലവിധം കേടുകൾ വരാൻ സാധ്യത. വെള്ളക്കെട്ടിൽ ഓടിച്ചാൽ കാറുകളുടെ സൈലൻസറിലും എൻജിനിലും വെള്ളം കയറും. സെൻസർ താറുമാറാകും.
ബസ് ലോറി തുടങ്ങിയ വലിയ വാഹനങ്ങളുടെ എൻജിനും മറ്റും ബോഡിയുടെ ഉയരത്തിലാണെങ്കിലും ടയറിനുള്ളിലെ ഗ്രീസ് നഷ്ടമാകാൻ സാധ്യതയുണ്ട്. പിന്നീട് ഓട്ടത്തിനിടെ ടയർ ഊരിപ്പോയേക്കാം. നട്ട്, ബോട്ട്, ബയറിംഗിനും കേടുപാടുണ്ടാകാം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കാറുകളോ വലിയ വാഹനങ്ങളോ ഓടിക്കേണ്ടിവന്നാൽ ഫസ്റ്റ് ഗിയറിൽ വേഗം കുറച്ചു മാത്രം ഓടിക്കുക. റിവേഴ്സ് ഗിയർ ഒഴിവാക്കുക.
ടയറിനു താഴെയാണു വെള്ളമെങ്കിൽ മുറ്റത്തോ പോർച്ചിലോ വണ്ടി വെള്ളത്തിൽ കിടക്കേണ്ടി വന്നാൽ വലിയ ആശങ്ക വേണ്ട. വണ്ടി ഓടിക്കരുത്. സ്റ്റാർട്ട് ചെയ്യാനും പാടില്ല. രണ്ടോ മൂന്നോ ദിവസം സ്റ്റാർട്ട് ചെയ്തില്ലെങ്കിലും ബാറ്ററി കേടാവില്ല. ഏറിവന്നാൽ പിന്നീട് സർവീസ് ചെയ്യേണ്ടതേ വരൂ. സൈലൻസറിനു കേടുപാടു വരില്ല.
ടൂവീലറുകളും വെള്ളത്തിൽ ഓടിക്കാതിരിക്കുന്നതാണ് നന്ന്. എൻജിനിലും സൈലൻസറിലും ഫിൽറ്ററിലും വെള്ളം കയറാം.
ചെറുവാഹനങ്ങൾ വെള്ളത്തിൽ ഓടിച്ചാൽ തന്നെ ഒന്നിലേറെ പേരെ വാഹനത്തിൽ കയറ്റാതിരിക്കുക. വാഹനം നിന്നുപോയാൽ സ്റ്റാർട്ടാക്കി സമയം പാഴാക്കാതെ തള്ളിമാറ്റുക. സഹായികളില്ലെങ്കിൽ അതും പാടില്ല. വണ്ടി ഒഴുക്കിൽപ്പെടുന്നതായി തോന്നിയാൽ നിമിഷം പാഴാക്കാതെ പുറത്തു ചാടി നീന്തിയോ മറ്റോ രക്ഷപ്പെടുക. വണ്ടിക്കുള്ളിൽ വെള്ളം കയറുന്നതായി കണ്ടാൽ ആ നിമിഷം പുറത്തുചാടുക.
വെള്ളക്കെട്ടിൽ ചെറുവാഹനങ്ങളുടെ നിയന്ത്രണം വിടാനും പാളിപ്പോകാനും സാധ്യതയുണ്ട്. തേഞ്ഞ ടയറുകൾ ഉപയോഗിക്കരുത്. റോഡ് പുറംലൈനുകൾക്ക് പുറത്തുകൂടി ഡ്രൈവിംഗ് പാടില്ല. സഡൻ ബ്രേക്ക് ഒഴിവാക്കുക. വെള്ളക്കെട്ടിൽ വാഹനം വട്ടം ഒടിച്ചു തിരിക്കാതിരിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
കെ.എസ്. സുബാഷ്
ഡിപ്പോ എൻജിനിയർ
കെഎസ്ആർടിസി കോട്ടയം