കാലടി: ഇന്ധനവില വർധനയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസമായി മികച്ച ഇന്ധനക്ഷമതയുള്ള ബൈക്കുമായി കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ബൈക്കാണ്, നാലാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
വിദ്യാർഥികളായ കെവിൻ കുര്യൻ, പി.എം. അഭിലാഷ്, അരുണ് ജോസ്, മുഹ്സിൻ അഹമ്മദ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ പ്രവർത്തിച്ചത്. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൈക്കിനേക്കാൾ 30 ശതമാനം കൂടുതൽ ഇന്ധനക്ഷമത ലഭിക്കുമെന്ന് മാത്രമല്ല പുറത്തുവിടുന്ന പുകയിൽനിന്ന് അന്തരീക്ഷമലിനീകരണം ഉണ്ടാവുകയില്ലെന്നും വിദ്യാർഥികൾ അവകാശപ്പെട്ടു.
പല ബൈക്കുകളുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് പ്രത്യേക രൂപത്തിൽ ബൈക്ക് രൂപകൽപന ചെയ്തത്. സിഎൻജി സിലിണ്ടറും ഇന്ധനം എൻജിന് അകത്തു പ്രവേശിക്കുന്ന വാൽവും വിദ്യാർഥികൾ തന്നെയാണ് നിർമിച്ചത്. അതിനായി കോളജിലെ ഫാബ് ലാബിൽ വിവിധ പരീക്ഷണങ്ങൾ നടത്തി. പ്രത്യേകം ഡിസൈൻ ചെയ്ത എയർ ഫിൽട്ടറും കണ്ട്രോൾ വാൽവുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്തെ സസ്പെൻഷൻ ഉയർത്തിയാണ് സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്നത്.
പെട്രോളും സിഎൻജിയും ഉപയോഗിക്കാവുന്ന രൂപത്തിലാണ് ബൈക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു കിലോ സിഎൻജി ഉപയോഗിച്ച് 60 മുതൽ 70 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ആറുമാസം കൊണ്ടാണ് വിദ്യാർഥികൾ ബൈക്ക് നിർമിച്ചത്.
വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചാൽ 35,000 രൂപയിൽ ബൈക്ക് നിർമിക്കാൻ സാധിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പി.സി. നീലകണ്ഠൻ, മെക്കാനിക്കൽ വിഭാഗം മേധാവി കെ.കെ. എൽദോസ്, എസ്.ആർ. ജിതേഷ്, എൽദോസ് ജോയി, മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ബൈക്ക് വികസിപ്പിച്ചെടുത്തത്.