ഇടിമുഴങ്ങുന്ന ശബ്ദത്തിൽ റോഡുകളിൽ മിന്നൽ പോലെ പായുന്ന ബൈക്കുകൾക്ക് പണികിട്ടിത്തുടങ്ങി. അനധികൃതമായി മാറ്റംവരുത്തിയ സൈലൻസറുകൾ ഘടിപ്പിച്ച ബൈക്കുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നു എന്ന പരാതിയെത്തുടർന്ന് പോലീസ് ഇത്തരത്തിലുള്ള ബൈക്കുകൾ പിടിച്ചെടുക്കുന്നത് തുടരുകയാണ്. കൂടാതെ മോഡൽ ഹാൻഡിലുകൾ മാറ്റി പ്രത്യേക ഹാൻഡിലുകൾ ഘടിപ്പിച്ച ബൈക്കുകളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുകളും പിടികൂടുന്നുണ്ട്.
കാതടപ്പിക്കുന്ന ശബ്ദത്തോടെ പായുന്ന ബൈക്കുകൾക്കെതിരേ നേരത്തെ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ അടുത്തകാലത്ത് ഈ പ്രവണത കൂടിവരുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കൂടുതൽ കർശനനടപടികളുമായി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ മുന്നോട്ടുവന്നത്. ഇത്തരത്തിൽ പിടികൂടുന്ന ബൈക്കുകൾ വർക് ഷോപ്പിലെത്തിച്ച് ഉടമയെക്കൊണ്ടുതന്നെ സൈലൻസറുകൾ നശിപ്പിച്ചുകളയുകയാണ് പോലീസ് ചെയ്യുന്നത്. ഇവ വീണ്ടും ഉപയോഗിക്കാതിരിക്കാനാണിത്.
ഇതിനു പുറമേ, അനധികൃതമായ സൈലൻസറുകൾ, ഹാൻഡിലുകൾ, ലൈറ്റുകൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്ക് താക്കീത് നല്കുകയും ചെയ്യുന്നുണ്ട്.