തൊടുപുഴ: അമിതവേഗത്തിൽ ബൈക്കുകൾ ചീറിപ്പായുന്നതു മൂലം നിരത്തുകളിൽ കൗമാര ജീവിതങ്ങൾ പൊലിയുന്നു. പല കുടുംബങ്ങളുടെയും പ്രതീക്ഷകളാണ്ഇരുചക്ര വാഹനങ്ങളുമായുള്ള ചങ്ങാത്തം മൂലം ഇല്ലാതാകുന്നത്. ഇന്നലെ രാത്രി പെരുന്പിള്ളിച്ചിറ അൽ അസ്ഹർ കോളജ് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിലും ബൈക്കിന്റെ അമിത വേഗമാണ് അപകട കാരണമായതെന്നാണ് പോലീസ് പറയുന്നത്.
അമിതവേഗത്തിലെത്തിയ ബൈക്ക് പോസ്റ്റിലിടിച്ചാണ് കായംകുളം കൃഷ്ണപുരം ചിറ്റക്കാട്ട് സന്തോഷ്കുമാറിന്റെ മകൻ സന്ദീപ് മരിച്ചത്. തൊടുപുഴയിൽ നിന്നും താമസസ്ഥലത്തേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കോടിച്ച് പോകുന്പോഴായിരുന്നു അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം തൊടുപുഴ – മൂലമറ്റം റൂട്ടിലുണ്ടായ അപകടത്തിൽ കരുണാപുരം പനച്ചിത്തുരുത്തേൽ അമൽ സാബു മരിച്ചത് ബൈക്ക് ബസിനടിയിൽപ്പെട്ടായിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് തെറിച്ചു വീണ അമൽസാബുവും സുഹൃത്തും ബസിനടിയിൽപ്പെടുകയായിരുന്നു.
ബൈക്കുകളിൽ അമിത വേഗത്തിൽ ചീറിപ്പായുന്ന കൗമാരപ്രായക്കാരെ നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടങ്ങൾ പെരുകാനിടയാക്കുന്നതെന്ന് പറയപ്പെടുന്നു. കാൽനട യാത്രക്കാർക്കും മറ്റു വാഹന യാത്രക്കാർക്കും ഭീഷണിയായാണ് പലപ്പോഴും യുവാക്കളുടെ സാഹസിക ബൈക്കോടിക്കൽ. തൊടുപുഴ നഗരത്തിലൂടെ അമിത വേഗത്തിലാണ് പലപ്പോഴും വിദ്യാർഥികൾ ബൈക്കുകളിൽ പായുന്നത്.
ലൈസൻസു പോലുമില്ലാതെയാണ് വിദ്യാർഥികളുടെ യാത്ര. ലൈസൻസില്ലാതെ ബൈക്കുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളെ പലപ്പോഴും പോലീസ് പിടി കൂടുന്നുമുണ്ട.് നേരത്തെ താക്കീതു ചെയ്ത് വിട്ടയ്ക്കുകയായിരുന്നു പതിവെങ്കിൽ ഇപ്പോൾ മോട്ടോർ വാഹന നിയമം കർശനമാക്കിയതോടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീത് നൽകി പിഴയടപ്പിച്ചാണ് വിട്ടയയ്ക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്നതും നിർത്തിയിട്ടിരിക്കുന്നതുമായ വാഹനങ്ങൾക്കിടയിലൂടെ അമിതവേഗത്തിൽ ബൈക്ക് വെട്ടിച്ച് നീങ്ങുന്ന വിദ്യാർഥികൾ നഗരത്തിലും പരിസര പ്രദേശങ്ങളിലും പതിവു കാഴ്ചയാണ്.
ബൈക്ക് റേസിംഗിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവരുടെ യാത്ര.ഇതിനു പുറമെ വാഹനങ്ങളുടെ രൂപമാറ്റവും നന്പർ പ്ലേറ്റിന്റെ പരിഷ്കരണവുമടക്കം നടത്തും. രൂപ മാറ്റം വരുത്തിയ ബൈക്കുകൾ പിടികൂടി നടപടി സ്വീകരിക്കുവാൻ ഇതിനിടെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
ബൈക്കുകളുടെ തനത് രൂപകൽപനയിൽ അപകടകരമായ വിധത്തിൽ മാറ്റം വരുത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു നിർദേശം. സൈലൻസർ, ഹാൻഡിൽ, മഡ്ഗാഡ് എന്നിവയിൽ മാറ്റം വരുത്തുക, മുന്നിലെ സീറ്റ് താഴ്ത്തി ബാക്ക് സീറ്റ് ഉയർത്തുക, പിന്നിൽ ഇരിക്കുന്ന യാത്രക്കാരന് കൈപിടിക്കാനുളള ഭാഗവും സാരിഗാർഡും നീക്കുക തുടങ്ങിയ നിയമാനുസൃതമല്ലാത്ത പരിഷ്കരണങ്ങളാണ് കുറ്റകരമായിട്ടുളളത്. ഇത്തരം കാര്യങ്ങളിലും അമിത വേഗത്തിലും മോട്ടോർ വാഹനവകുപ്പും പോലീസും കർശന പരിശോധനയും തുടർനടപടികളും സ്വീകരിക്കുന്നുവെന്നു പറയുന്പോഴും അപകടങ്ങൾ പെരുകുന്നതാണ് ആശങ്കയുയർത്തുന്നത്.