കൂട്ടിക്കൽ: കൂട്ടിക്കലിൽ നിന്നും സിനിമക്കഥയെ വെല്ലുന്ന രീതിയിൽ ബൈക്കുകൾ മോഷണം നടത്തിയതു സഹോദരങ്ങൾ.
ഇവരെ ഇന്നലെ മുണ്ടക്കയം പോലീസ് പിടികൂടി. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ബൈക്ക് മോഷണങ്ങളാണ് പുറത്തുവന്നത്. ബൈക്കുകളുടെ പൂട്ടുകൾ തകർക്കുന്നതിൽ ഇവർ അതിവിദഗ്ധരാണ്.
റോഡ് സൈഡിലും വീട്ടുമുറ്റത്തും പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ പൂട്ടുതകർത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി.
തുടർന്നു ഈ ബൈക്കിൽ സഞ്ചരിക്കും. പെട്രോൾ തീരുന്പോൾ ഇവ റോഡ് സൈഡിൽ പാർക്ക് ചെയ്തശേഷം സമീപത്ത് കാണുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ചുശേഷം യാത്ര തുടരുകയാണ് ചെയ്യുന്നത്.
പെട്രോൾ തീർന്നാൽ ബൈക്ക് ഉപേക്ഷിക്കുകയല്ലാതെ പെട്രോൾ നിറയ്ക്കില്ല. കാരണം പന്പുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇവരെ തിരിച്ചറിഞ്ഞു പോലീസ് പിടികൂടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
പ്രായപൂർത്തിയാകാത്ത പ്രതി ജില്ലയിലെ ഒരു സ്റ്റേഷനിൽ സമാനമായ രീതിയിൽ ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ്.
സഹോദരങ്ങൾ ചേർന്നു തൊടുപുഴ, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടിച്ച മൂന്നു ബൈക്കുകളും ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു.
അതേസമയം കൂട്ടിക്കലിൽ നിന്നും ഇവർ മോഷ്ടിച്ച മൂന്നാമത്തെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടുമില്ല.
കൂടുതൽ പേർ ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. അവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ കൊക്കയാർ സഹകരണ ബാങ്കിന് മുന്പിൽനിന്ന് മോഷ്ടിച്ച ആദ്യ ബൈക്ക് വർക്ക് ഷോപ്പിന് സമീപത്തുനിന്നു കണ്ടെത്തിയിരുന്നു.
പിന്നീട് വർക്ക് ഷോപ്പിന് മുന്പിൽ അറ്റകുറ്റപണി തീർത്ത് വച്ചിരുന്ന മറ്റൊരു ബൈക്ക് വീണ്ടും അപഹരിച്ചു.
ഈ ബൈക്കും ചപ്പാത്ത് ഭാഗത്ത് എത്തിയതോടെ പെട്രോൾ തീർന്നതിനെ തുടർന്ന് ഉപേക്ഷിച്ച മോഷ്ടാക്കൾ ഇതിന് സമീപത്ത് തന്നെയുള്ള മനങ്ങാട്ട് അയൂബിന്റെ ബൈക്കുമായി കടന്നു കളയുകയായിരുന്നു. അയൂബിന്റെ ബൈക്ക് കണ്ടെത്തിയിട്ടില്ല.
ആദ്യം ബൈക്ക് മോഷ്ടിച്ച സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നു മാണ് പ്രതികളെ കണ്ടെത്തി യത്.