തിരുവനന്തപുരം: വാഹനം മോടി കൂട്ടുന്നതിനായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടുന്നതിനായി സിറ്റി പോലീസും, ഷാഡോ പോലീസും നടത്തിയ മിന്നൽ പരിശോധനയിൽ മുപ്പതോളം വാഹനങ്ങളെ പിടികൂടി. മോടി കൂട്ടുന്നതിനായി വാഹന നിർമാതാക്കൾ ഇറക്കുന്ന വാഹനങ്ങളുടെ ഘടനയിലും, രൂപത്തിലും മാറ്റം വരുത്തുമ്പോൾ സ്ഥിരതയിൽ മാറ്റം വരുകയും അതുമൂലം അപകടം നടക്കാനും സാധ്യത കൂടുതലാണ്.
ഇത്തരത്തിലുള്ള വാഹനങ്ങൾ കൂടുതലായി അപകടത്തിൽപെട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശിന്റെ നിർദേശപ്രകാരം ഡിസിപി ജയദേവിന്റെ നേതൃത്വത്തിൽ സിറ്റി പോലീസും ഷാഡോ പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വഞ്ചിയൂർ , പേട്ട, മ്യൂസിയം, കരമന, പൂജപ്പുര എന്നീ ഭാഗങ്ങളിൽ നിന്നായി ബുള്ളറ്റ്, ഡ്യൂക്ക്, പൾസർ, എഫ് ഇസഡ്, തുടങ്ങിയ രൂപമാറ്റം വരുത്തിയ മുപ്പതോളം വാഹനങ്ങളാണ് പിടിയിലായത്.
ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്നും പിടികൂടുന്ന വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിച്ച് വാഹനങ്ങൾ രൂപമാറ്റം വരുത്തിയത് ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.