അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ റോഡിൽ അപകടകരമായ രീതിയിൽ അമിത വേഗതയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ മൂന്ന് ആഡംബര ബൈക്കുകൾ അതിരപ്പിള്ളി പോലീസ് പിടികൂടി.
തിരക്കുളള റോഡിൽ മൂന്നു ബൈക്കുകളിലായി ആറ് കുട്ടികളാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ചിക്ലായി, വെറ്റിലപ്പാറ മേഖലകളിലായിരുന്നു കുട്ടികൾ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അതിരപ്പിള്ളി പൊലീസ് പരിശോധനക്കെത്തി.
പോലീസിനെ കണ്ടതോടെ രണ്ട് ബൈക്കുകൾ ഉപേക്ഷിച്ച് നാലുപേർ ഓടി രക്ഷപ്പെട്ടു.പിന്നീട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തിരുത്തിപ്പുറം സ്വദേശികളായ കുട്ടികളാണ് അമിത വേഗതയിൽ ബൈക്ക് പായിച്ചത്.
പിടികൂടിയ ബൈക്ക് ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയായിരുന്നു. ഇതേത്തുടർന്ന് ബൈക്ക് ഉടമയായ തിരുത്തിപ്പുറം ഒളരിക്കൽ വീട്ടിൽ സെൽവന്റെ മകൻ ജെസ്റ്റിനിൽ നിന്ന് പൊലീസ് 5000 രൂപ പിഴ ഈടാക്കി.
ഉപേക്ഷിച്ചുപോയ ബൈക്കുകളുടെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.കൂടാതെ അമിത വേഗതയിൽ വാഹനം ഓടിച്ചതിന്് കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിരപ്പിള്ളി എസ്ഐ പി.ഡി. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ബൈക്കുകൾ പിടികൂടിയത്.