കോട്ടയം: ബൈക്ക് മോഷ്്ടിച്ച കേസിൽ കെ എസ്്ആർടിസി ഡ്രൈവറും കണ്ടക്്ടറും ചേർന്നു പിടികൂടിയത് പെരുംകള്ളനെ.
പോലീസ് പിടിയിലായതോടെ ഇയാൾ നല്കിയ പേരും മേൽവിലാസവും വ്യാജമായിരുന്നു. പിടികൂടിയപ്പോൾ ഇയാൾ നല്കിയ വിലാസം ചങ്ങനാശേരി പെരുന്ന സ്വദേശി ജിജോ എന്നാണ്.
എന്നാൽ കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നല്കിയ പേരും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ യഥാർഥ പേര് ഷാജൻ തോമസ് എന്നാണ്.
പത്തനംതിട്ട നിരണം സ്വദേശിയായ ഇയാളുടെ പേരിൽ 2010 മുതൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു. ഇന്നലെ കോട്ടയം ഡിപ്പോയിലെ ഡ്രൈവർ മാഞ്ഞൂർ സ്വദേശിയുടെ ബൈക്കാണ് ഷാജൻ ഡിപ്പോയിൽ കയറി മോഷ്്ടിച്ചത്.
രാവിലെ ഡ്യൂട്ടിയ്ക്ക് എത്തിയ ഇയാൾ ബൈക്ക് സ്റ്റാൻഡിനുള്ളിൽ വച്ചശേഷം എറണാകുളത്തേക്കു ബസിൽ ജോലിയ്ക്കു കയറുകയും ചെയ്തു.
പകൽ സമയത്ത് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം ധരിച്ച് ഡിപ്പോയിൽ കയറിയ ഷാജൻ തോമസ് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
ഉച്ചകഴിഞ്ഞു മൂന്നോടെ ആദ്യ ട്രിപ്പ് പൂർത്തിയാക്കി ഡിപ്പോയിൽ എത്തിയ ഡ്രൈവർ ബൈക്ക് മോഷണം പോയ വിവരമറിഞ്ഞു. ഇതോടെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തിരികെ ഡിപ്പോയിലെത്തിയ ഡ്രൈവർ ഇവിടെ നിന്നും എറണാകുളം റൂട്ടിലേക്കുള്ള സർവീസ് നടത്താൻ ജോലിക്കു കയറി.
വൈകുന്നേരം 6.15നു ബസ് ഉദയംപേരൂരിൽ എത്തിയപ്പോൾ പിന്നിൽ ഒരു ബൈക്ക് വന്നിടിച്ച് അപകടമുണ്ടായി അപകടവിവരമറിഞ്ഞ് ബസ് നിർത്തിയ ഡ്രൈവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തന്റെ ബൈക്കാണ് അപകടമുണ്ടാക്കിയതെന്നു മനസിലായത്.
തുടർന്നാണ് എല്ലാവരും ചേർന്ന് ഷാജനെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്നും നാലു മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇതു മോഷ്്ടിച്ചതാണോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.
കോട്ടയം വെസ്റ്റ് പോലീസ് ഷാജനെ ചോദ്യം ചെയ്തുവരികയാണ്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.