മുക്കം: ലോക്ഡൗൺ കാലത്ത് കുട്ടികൾക്കായി കൊച്ചു ബൈക്കുകൾ നിർമിച്ച് യുവാവ്. കുന്ദമംഗലം കാരന്തൂർ സ്വദേശിയായ കോണാട്ട് തറയിൽ ഹൗസിൽ സെയ്ഫ് മുഹമ്മദാണ് പഴയ ആക്ടീവ ബൈക്കിന്റെ എൻജിൻ ഉപയോഗിച്ച് കുട്ടികൾക്കായി ചെറിയ ബൈക്കുകൾ നിർമിച്ചത്.
കുട്ടികളുടെ നിയന്ത്രണം നഷ്ടടമാവാതിരിക്കാനായി ചില കൺട്രോളുകളും ബൈക്കിൽ വരുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ ടാങ്ക് ഇദ്ദേഹം സ്വന്തം നിർമിച്ചതാണ്. മറ്റു ഭാഗങ്ങൾക്കായി വിവിധ വണ്ടികളുടെ പാർട്സുകളും ഉപയോഗിക്കുന്നു. ലോക് ഡൗണിൽ കടകൾ തുറക്കാത്തതിനാൽ പാർട്സുകൾ ലഭിക്കാൻ പ്രയാസമാണന്ന് സെയ്ഫ് മുഹമ്മദ് പറയുന്നു.
യമഹയുടേയും ഹോണ്ടയുടേയുമൊക്കെ മോഡലിൽ നിർമിച്ച ഈ ബൈക്കുകൾ കണ്ടാൽ കുട്ടികൾക്ക് മാത്രമല്ല ആർക്കുമൊന്ന് ഓടിച്ച് നോക്കാൻ തോന്നിപ്പോവും.
എല്ലാം ഒരാഗ്രഹത്തിന്റെ പുറത്ത് നിർമിച്ചതാണന്ന് സെയ്ഫ് പറയുന്നു. ബൈക്കിന്റെ വീഡിയോ യു ടൂബിൽ വൈറലായതോടെ ആവശ്യക്കാരും വർധിച്ചു.
ചിലർക്കെല്ലാം നിർമിച്ചു നൽകിയതായും ചിലത് നിർമിച്ച് കൊണ്ടിരിക്കുകയാണന്നും സെയ്ഫ് മുഹമ്മദ് പറഞ്ഞു.
സാധാരണ ബൈക്കിനേക്കാൾ ഉയരം കൂടിയ ഒരു ബൈക്കും സെയ്ഫ് നിർമിച്ചിട്ടുണ്ട്. കുഞ്ഞുബൈക്കുകൾക്ക് 25,000 രൂപയാണ് വില.
പെട്രോളിലാണ് വണ്ടി പ്രവർത്തിക്കുക. കുഞ്ഞുബൈക്കുകൾ യാഥാർഥ്യമായതോടെ സെയ്ഫിന്റെ മാത്രമല്ല അയൽ വീടുകളിലെ കുട്ടികളും ഹാപ്പിയാണിപ്പോൾ.
റോഡിലേക്ക് ഇറക്കാൻ അനുവാദമില്ലങ്കിലും വീടിന്റെ മുറ്റത്തും പറമ്പിലുമെല്ലാം മുതിർന്നവരെ പോലെ ഓടിച്ച് കളിക്കുകയാണ് കുട്ടികളും.