കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം മൂന്നിടത്ത് മോഷണം നടത്തിയത് പിന്നിലെ കുട്ടികള്ളന്മാര് എത്തിയത് മോഷ്ടിച്ച ബൈക്കില്‍ .
എലത്തൂര്‍ പോലീസ് പരിധിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മൂന്നംഗ സംഘം കോഴിക്കോട് നഗരത്തിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് ഇവര്‍ എസ്എം സ്ട്രീറ്റിലെ ഓയാസീസ് കോംപ്ലക്സിലെ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് 75000 രൂപ കവര്‍ന്നു. അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള മേഘാപ്ലാസ്റ്റിക്സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
ഇതിന് പുറമേ ചെറുകുളത്തെ ഗീയാ ഓയില്‍ മില്ലില്‍ നിന്ന് 4500 രൂപ കവര്‍ന്നതും തൊട്ടടുത്ത ചോയിബസാറിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് 2000 രൂപ വിലവരുന്ന ചാര്‍ജറും പവര്‍ബാങ്കും കവര്‍ന്നതും ഈ മൂന്നംഗ സംഘമാണെന്നാണ് പോലീസ് പറയുന്നത്.
ചേവായൂര്‍ പോലീസ് പരിധിയിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. തണ്ണീര്‍ പന്തലിലെ ഹാര്ഡ്വേര് കടയില്‍ നിന്ന് 4500 രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. ഞായറാഴ്ചയും ഇതേസംഘം മോഷണം നടത്തിയതായാണ് സൂചന.
വെള്ളിയാഴ്ച പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്ന കണ്ട്രോള് റൂം സംഘമാണ് മൂന്നു കുട്ടികള്‍ ബൈക്കില്‍ വരുന്നതായി കണ്ടത്. ബൈക്കിന് കൈകാണിച്ചു.
ബൈക്ക് നിര്‍ത്തിയ സംഘം പിടികൂടുമെന്നായപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് രാവിലെ കടകളില്‍ മോഷണം നടന്നതായി വിവരം ലഭിക്കുന്നത്. കുട്ടികളെ കണ്ടെത്തുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന കുട്ടികളെ നിരീക്ഷിക്കാനും പിന്തുടരാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോഷണം നടത്തിയ കുട്ടികള്‍ നഗര പരിധിയില്‍ തന്നെയുള്ളവരാണെന്ന നിഗമനത്തിലാണ് പോലീസ് .