ശ്രീകൃഷ്ണപുരം: കഴിഞ്ഞദിവസം ശ്രീകൃഷ്ണപുരം പോലീസ് പിടികൂടിയ അന്തർജില്ലാ മോഷണസംഘത്തെ വലയിലാക്കിയത് സിനിമയെ വെല്ലുന്ന അന്വേഷണത്തിലൂടെ.
മൂന്നുദിവസത്തിനകമാണ് ശ്രീകൃഷ്ണപുരം സിഐ കെ.എം.ബിനീഷും സംഘവും കയിലിയാട്, പനമണ്ണ സ്വദേശികളായ നാൽവർ സംഘത്തെ പിടികൂടിയത്.
കയിലിയാട് മാന്പറ്റപ്പടികളം കെ.രാജീവ് (21), കയിലിയാട് വേന്പലത്തുപാടം കരതൊടിവീട്ടിൽ കെ.ജിവീഷ് (20), കയിലിയാട് കുറുമങ്ങാട്ടുപടിവീട്ടിൽ കെ.ആർ.ശരത്ത് ലാൽ (23), ഒറ്റപ്പാലം പനമണ്ണ അന്പലവട്ടം കൂരിക്കാട്ടിൽ വീട്ടിൽ സാലിഖ് (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 26ന് രാത്രി എട്ടിന് ശ്രീകൃഷ്ണപുരത്തുനിന്നും നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷണംപോയിരുന്നു. ഇതേ തുടർന്ന് ബൈക്ക് ഉടമ 27ന് ശ്രീകൃഷ്ണപുരം പോലീസിനു പരാതി നല്കി. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്തർജില്ലാ മോഷണസംഘം കുടുങ്ങിയത്.
പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നാണ് സംഘം ബൈക്കുകൾ മോഷണം നടത്തുന്നത്. മണ്ണാർക്കാട് ഭാഗത്തുനിന്നു മോഷ്ടിച്ച രണ്ടുബൈക്കുകളും തൃശൂർ, പഴയന്നൂർ ഭാഗത്തുനിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകളും പെരിന്തൽമണ്ണ, മണ്ണാർക്കാട്, നാട്ടുകൽ, തൃശൂർ, വടക്കാഞ്ചേരി, ചാലക്കുടി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽനിന്ന് മോഷ്ട്ടിച്ച ഓരോ ബൈക്കുകളും നാലുപേരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെടുത്തു.
മോഷ്ടിച്ച ബൈക്കുകളുടെ നന്പർ മാറ്റുകയാണ് ഇവ ആദ്യം ചെയ്യുന്നത്. പിന്നീട് എഞ്ചിൻ നന്പറും ചെയ്സ് നന്പറും വാഹനത്തിൽനിന്നും നീക്കംചെയ്ത് പുതിയ നന്പർ കൊത്തിവച്ച് ബൈക്കുകൾ ചെറിയ വിലയ്ക്ക് മറിച്ചുവില്ക്കുകയാണ് മോഷണസംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
സംഘത്തിലുള്ള നാലുപേർ കൂടി പിടിയിലാകുന്നതോടെ കൂടുതൽ ബൈക്കുകൾ കണ്ടെടുക്കാനാകുമെന്നു സിഐ കെ.എം.ബിനീഷ് പറഞ്ഞു. ഇനിയും പിടിയിലാകാനുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കിയെന്നും സിഐ വ്യക്തമാക്കി.
പിടികൂടിയ നാലുപേരെ ഇന്നലെ കോടതിയിൽ ഹാജരാക്കി. എഎസ് ഐ സുനിൽ, എസ് സിപിഒ മുഹമ്മദ് റഫീഖ്, സിപിഒമാരായ ചന്ദ്രശേഖരൻ, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.