തമിഴ്നാട്ടിൽ നിന്ന് ഒന്നരവർഷം മുന്പ് മോഷണംല പോയ വാഹനം കണ്ടെത്തി കേരളാ പോലീസ്.
സോഷ്യൽ മീഡിയയിലാണ് വാഹനം കണ്ടെത്തിയ സംഭവം പോലീസ് പങ്കുവച്ചത്. തൃശൂർ നഗരത്തിലെ ഒരു പാർക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ എ.കെ. ശരതിന്റെ സംശയവും പിന്നാലെ നടത്തിയ അന്വേഷണവുമാണ് തമിഴ്നാട് സ്വദേശിയായ ധ്യാനേഷിന് വാഹനം തിരികെ ലഭിക്കാൻ കാരണം
പോസ്റ്റിന്റെ പൂർണരൂപം
ഒരു കഥ സൊല്ലട്ടുമാ😜
തൃശൂർ നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തു നിർത്താറുള്ള റോഡരികിലെ ഒരു സ്ഥലം.
രാവിലെ ആളുകൾ അവിടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ജോലികൾക്കായി പോകും. വൈകീട്ട് എപ്പോഴോ, വാഹനങ്ങളെടുത്ത് അവർ വീട്ടിലേക്ക് മടങ്ങും.
ഒരു ദിവസം അവിടെ ട്രാഫിക് ഡ്യൂട്ടി നിർവ്വഹിച്ച സിവിൽ പോലീസ് ഓഫീസർ എ.കെ. ശരത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കിടയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടർ ശ്രദ്ധിച്ചു.
പൊടിയും അഴുക്കും പിടിച്ച് കുറച്ചുകാലമായി ഉപയോഗിക്കാത്തതുപോലെയായിരുന്നു ആ വാഹനം.
തൃശൂരിൽ ധാരാളം തമിഴ്നാട് സ്വദേശികൾ ഉള്ളതിനാൽ അവരിൽ ആരെങ്കിലും ജോലിക്കായി പോകുമ്പോൾ കൊണ്ടുവന്നുവെച്ചു പോയതായിരിക്കാം എന്നു കരുതി, ശരത് ട്രാഫിക് ഡ്യൂട്ടിയിൽ മുഴുകി.
പത്തുപതിനഞ്ച് ദിവസത്തിനുശേഷം ശരത്തും, സബ് ഇൻസ്പെക്ടർ ലീലാഗോപനും ചേർന്ന് പട്രോളിങ്ങ് നടത്തിവരവേ സ്കൂട്ടർ അതേ സ്ഥലത്തുതന്നെ ഇരിക്കുന്നത് ശ്രദ്ധിച്ചു.
പോലീസുദ്യോഗസ്ഥർ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പറും, ചേസിസ് നമ്പറും കുറിച്ചെടുത്തു.
പോലീസ് സ്റ്റേഷനിൽ മടങ്ങിയെത്തി, മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും വാഹനത്തിന്റെ ഉടമയുടെ പേരും വിലാസവും ഫോൺ നമ്പറും കണ്ടെത്തി.
ഉടമ തമിഴ്നാട് ഈറോഡ് സ്വദേശിയായ ധ്യാനേഷ്.
തമിഴ് സംസാരിക്കാനറിയാവുന്ന ശരത്, അയാളെ മൊബൈൽഫോണിൽ വിളിച്ചു.
തന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന പുതിയ സ്കൂട്ടർ, ഒന്നര വർഷം മുമ്പ് ഏതോ കള്ളൻമാർ മോഷണം ചെയ്തുകൊണ്ടുപോയ കഥ അയാൾ ശരത്തിനോട് വിവരിച്ചു.
തമിഴ്നാട്ടിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പലയിടത്തും അന്വേഷിച്ചു. കോവിഡ് അടച്ചുപൂട്ടൽ കാരണം പിന്നെ ഒരു വിവരവും അറിഞ്ഞില്ല.
അയാളിൽ നിന്നും ഉടമസ്ഥാവകാശ രേഖകളും, പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിവരങ്ങളും വാട്സ്ആപ്പിലൂടെ വാങ്ങി,
പരിശോധിച്ചു, ശരിയെന്ന് ഉറപ്പുവരുത്തി. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ, റിക്കവറിവാനിൽ കയറ്റി, പോലീസ് സ്റ്റേഷനിലെത്തിച്ചു. അഴുക്കും പൊടിയും കഴുകിക്കളഞ്ഞ് വൃത്തിയാക്കി.
കാര്യങ്ങളെല്ലാം ശരത്, സ്റ്റേഷൻ സബ് ഇൻസ്പെക്ടറെ ധരിപ്പിച്ചു. ഉടമയായ ധ്യാനേഷിന് വാഹനം വിട്ടു നൽകാൻ നിയമതടസ്സങ്ങളില്ലെന്ന് സബ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ശരത് തന്നെ വാഹന ഉടമയെ വിളിച്ചറിയിച്ചു.
ഒന്നര വർഷം മുമ്പ് നഷ്ടപ്പെട്ട സ്കൂട്ടർ തിരികെ വാങ്ങാൻ ധ്യാനേഷ്, തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തി.
ഒറിജിനൽ രേഖകളും, വാഹനത്തിന്റെ താക്കോലും ധ്യാനേഷ് സബ് ഇൻസ്പെക്ടറെ കാണിച്ചു. പോലീസുദ്യോഗസ്ഥർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തി, രശീതുപ്രകാരം വാഹനം വിട്ടു നൽകി.
ഇരുകൈകളും കൂപ്പി ധ്യാനേഷ് പറഞ്ഞു;
“സാർ ഇത് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല”.
“കേരള പോലീസിന്റെ ആത്മാർത്ഥ സേവനങ്ങൾക്ക് റൊമ്പ നൻട്രി സാർ…”
ജാഗ്രതയോടെ മാതൃകാപരമായ രീതിയിൽ ഡ്യൂട്ടി നിർവ്വഹിച്ച ട്രാഫിക് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ
എ. കെ. ശരത്തിനും സബ് ഇൻസ്പെക്ടർ ലീലാഗോപനും കേരള പോലീസിന്റെ അഭിനന്ദനങ്ങൾ😍