റിച്ചുവിന്റെ മരണം വിവാദമായപ്പോൾ കണ്ണൂരിലെ പത്രപ്രവർത്തകർ പ്രതി റുബിൻ ഉമറിന്റെ കുടുംബത്തിന്റെ നിലപാടറിയാൻ റുബിന്റെ കതിരൂർ ഉക്കാസ് മൊട്ടയിലെ വീട്ടിലെത്തി.
“നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വന്നത്. എന്ത് തെളിവാണുള്ളത്”. എന്നീ ചോദ്യങ്ങളുയർത്തിയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചാനൽ പ്രവർത്തകരെ നേരിട്ടത്. വാഹനമായാൽ ഇടിക്കും. ആള് മരിക്കും.
അതിനെന്തിനാ ഇത്രയും പുകിൽ… കൊലക്കുറ്റത്തിനു കേസെടുത്താൽ നിങ്ങൾക്കാരാ നഷ്ടപരിഹാരം തരിക. എന്നീ ചോദ്യങ്ങളായിരുന്നു പ്രതിയുടെ അടുത്ത ബന്ധുവായ കുയ്യാലിയിലെ താമസക്കാരനിൽ നിന്നുണ്ടായത്.
ന്യൂജനറേഷൻ അഭ്യാസങ്ങൾ
ഡ്രി ഫ്റ്റ്, ബേൺ ഔട്ട്, ഹെഡ് ഡോൺ ക്രാഷ്, ഹാൻഡ് ഡ്രാഗ്, സ്റ്റാന്റപ്പ് വീൽ, ടൈൽ ഡ്രാഗ്, എന്നിങ്ങനെ ന്യൂ ജനറേഷന്റെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന നാമങ്ങൾ ഏറെയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഗ്രൗണ്ടുകളിൽ കാണികൾക്കു മുന്നിലുള്ള അഭ്യാസ പ്ര കടനങ്ങളാണ് ഇവയിൽ പലതും. പ്രത്യേക പരിശീലനം നേടിയവരാണ് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്.
എന്നാൽ, കൊച്ചു കേരളത്തിലെ ഇടുങ്ങിയ റോഡുകളിൽ കാറിലും ബൈക്കിലുമെല്ലാം യാതൊരു പരീശീലനമോ സുരക്ഷാ ക്രമീകരണങ്ങളോ നിയമപരമായ അനുമതികളോ ഇല്ലാതെയാണ് യുവാക്കൾ ഈ അഭ്യാസ പ്രകടനങ്ങളെല്ലാം നടത്തുന്നതെന്നു തളിപ്പറമ്പ് ജോയിന്റ് ആർടിഒ ഓഫീസിലെ എഎംവിഐ എം.പി. റിയാസ് ചൂണ്ടിക്കാട്ടുന്നു.
വിദേശ രാജ്യങ്ങളിൽ പ്രത്യേകം നിർമിച്ച വാഹനങ്ങളാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നത്. എന്നാൽ, കേരളത്തിൽ വർഷങ്ങൾ പഴക്കമുള്ളതും ഉപേക്ഷിക്കപ്പെടേണ്ടതുമായ വാഹനങ്ങളാണ് ഈ മരണക്കളിക്ക് ഉപയോഗിക്കുന്നത്.
പല വീടുകളിലും പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ പഴയ വാഹനങ്ങൾ മൂലയ്ക്കിടും. ഈ വാഹനങ്ങൾ ഓൾട്ടറേഷൻ ചെയ്താണ് യുവാക്കൾ മരണമണി മുഴക്കി റോഡിലേക്കിറങ്ങുന്നത്.
പലപ്പോഴും ഇത്തരം പ്രകടനക്കാരുടെ അഭ്യാസങ്ങൾ ആസ്വദിക്കുന്ന രക്ഷിതാക്കളെയും നിസഹായതോടെ നോക്കി നിൽക്കുന്ന രക്ഷിതാക്കളെയും കാണേണ്ടി വന്നിട്ടുണ്ടെന്നും എം.പി. റിയാസ് പറയുന്നു.
നാനൂറ് അപകടങ്ങൾ
കഴിഞ്ഞ ഒരു വർഷം ഇത്തരം പ്രകടനങ്ങൾക്കിടയിൽ നാനൂറ് അപകടങ്ങളാണ് കേരളത്തിലെ നിരത്തുകളിൽ നടന്നത്.
25 ജീവനുകളാണ് ആണ് ഈ അഭ്യാസപ്രകടനങ്ങൾക്കിടയിൽ ഒരു വർഷം പൊലിഞ്ഞത്. എന്നാൽ, ഈ സംഭവങ്ങളിൽ ഭൂരിഭാഗവും സാധാരണ അപകടങ്ങളായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അനുമതിയില്ലാതെ അമിതവേഗത്തിൽ ഇത്തരം പ്രകടനങ്ങൾ നടത്തിയാൽ 189 സി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ നിയമം ഉള്ളൂ.
ഇത്തരം അഭ്യാസപ്രകടനങ്ങൾ ക്കിടയിൽ മരണം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷയുടെ പേരിൽ സാധാരണ അപകട മരണമായി മാത്രമേ കേസുകൾ മുന്നോട്ടു പോകാറുള്ളൂ.
“സംഭവിച്ചത് സംഭവിച്ചു. ആ കുട്ടിയെ ശിക്ഷിച്ചിട്ട് ഇനിയെന്താ കാര്യം. പരമാവധി നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ ശ്രമിക്കുക” – ഇതാണ് ഇത്തരം കേസുകളിൽ ലഭിക്കുന്ന പ്രധാന ഉപദേശം.
(തുടരും).