തളിപ്പറമ്പ്: അനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ പുതുതലമുറ ഉപയോഗിക്കണമെന്ന സന്ദേശവുമായി സ്വന്തമായി നിര്‍മിച്ച ബൈക്കില്‍ രാജ്യം ചുറ്റാനിറങ്ങി രണ്ടുപേര്‍.
തൃപ്പൂണിത്തുറ സ്വദേശി ഡോ. ജോണ്‍ കുരുവിളയും ബംഗളൂരുവിലെ ഗൗതമുമാണ് ഭാരതമാല എന്നപേരില്‍ രാജ്യം ചുറ്റി സഞ്ചരിക്കാനിറങ്ങിയത്.
ഇരുവരും നിര്‍മിച്ച ബൈക്കില്‍ വെള്ളിയാഴ്ച മംഗളൂരുവില്‍നിന്നാണ് യാത്ര തുടങ്ങിയത്.
യാത്രയില്‍ 54 കേന്ദ്രങ്ങളില്‍ ചാര്‍ജിംഗിന് ഉള്‍പ്പെടെ വാഹനം നിര്‍ത്തുകയും 20 കോളജുകളില്‍ ആശയവിനിമയം നടത്തുകയും ചെയ്യും.
316 മണിക്കൂറുകൊണ്ട് 14,216 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്ന് ജോണ്‍ കുരുവിള പറഞ്ഞു.
സാങ്കേതിക രംഗത്തേക്ക് സ്റ്റാര്‍ട്ടപ്പിലൂടെ കടന്നുവരുന്നവര്‍ക്ക് പ്രചോദനം നല്‍കുകയാണ് ഇവരുടെ ലക്ഷ്യം.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് ബാറ്ററികള്‍ ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍മിക്കാന്‍ സാധിക്കുമെന്ന് ഇരുവരും പറയുന്നു.
സ്റ്റാര്‍ട്ടപ്പ് സംരംഭകരായ ഇരുവരുടെയും യാത്രയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംഘങ്ങളില്‍നിന്ന് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മികച്ച പിന്തുണയാണ് ഇവരുടെ യാത്രയ്ക്ക് നല്‍കുന്നത്.
മലബാര്‍ ഇന്നവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് സോണ്‍ (മൈസോണ്‍) നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ ഇവര്‍ക്ക് സ്വീകരണം നല്കി.
വിവിധ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി ഡോ. ജോണ്‍ കുരുവിള ഓണ്‍ലൈനായി ക്ലാസെടുത്തു. സ്വീകരണ പരിപാടിയില്‍ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ഒ. രജനി അധ്യക്ഷത വഹിച്ചു.