കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്ത താമരശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിക്കിന് ബൈക്ക് മോഷണത്തിലും പങ്ക്.
രക്ഷപ്പെട്ട ശേഷം ആഷിക്ക് മെഡിക്കല്‍കോളജ് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ ഈ ബൈക്ക് കണ്ടെത്തിയിട്ടില്ല. അതേസമയം ചോമ്പാല പോലീസ് സ്റ്റേഷന് പരിധിയിലെത്തിയ ആഷിക്ക് അവിടെ വച്ചും മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആഷിക്കിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ താമരശേരിയിലെ കട കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തതായി മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു.
മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നാലുപേരയും അഞ്ചു ദിവസത്തിനുള്ളില്‍ പിടികൂടാനായത് പോലീസിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. ഡിസിപി സുജിത്ത്ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
മെഡിക്കല്‍കോളജ് എസ്ഐ ധനജ്ഞയദാസ്, കസബ എസ്ഐ വി.സിജിത്ത്, നടക്കാവ് എസ്ഐ കൈലാസ്നാഥ് എന്നിവരും ഡിസിപിയുടെ സ്ക്വാഡിലെ 10 പേരും ഉള്‍പ്പെട്ട സംഘമാണ് കേസില്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
ജൂലൈ 22ന് രാത്രി ഏഴരയോടെയാണ് നാലുപേര്‍ സെക്യൂരിറ്റി ജീവനക്കാരെന്റയും പോലീസിന്റെയും കണ്ണുവെട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്.
രക്ഷപ്പെട്ടവരില്‍ താനൂര്‍ സ്വദേശിയായ ഷഹല്ഷാനു തിരുവനന്തപുരത്തായിരുന്നുള്ളത്. തന്ത്രപരമായി താനൂരിലെത്തിച്ചായിരുന്നു പോലീസ് ഷാനുവിനെ പിടികൂടിയത്. ആഷക്കിനെ ഞായറാഴ്ചയായിരുന്നു പിടികൂടിയത്.
മറ്റുള്ള രണ്ടുപേരെ കൂടി ഇന്നലെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. വിചാരണത്തടവുകാരായ ബേപ്പൂര്‍ ചെറുപുരക്കല്‍ അബ്ദുല്‍ ഗഫൂര്‍ (40), എറണാകുളം മട്ടാഞ്ചേരി ജൂതപറമ്പിലെ നിസാമുദ്ദീന്‍ (24) എന്നിവരെയാണ് ഇന്നലെ മേപ്പാടിയില്‍ വച്ച് പിടികൂടിയത്.