ബിക്കിനി ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച ഡോക്ടറുടെ ലൈസൻസ് മെഡിക്കൽ കൗണ്‍സിൽ റദ്ദാക്കി. മ്യാൻമറിൽ നിന്നുള്ള ജനറൽ ഫിസീഷ്യനായ നംഗ മ്യൂസാനിന്റെ ലൈസൻസാണ് റദ്ദാക്കിയത്. അനുചിതമല്ലാതെ വസ്ത്രം ധരിച്ചു എന്ന കാരണമാണ് സംഭവത്തെക്കുറിച്ച് മെഡിക്കൽ കൗണ്‍സിൽ നൽകിയ വിശദീകരണം.
കഴിഞ്ഞ നാല് വർഷമായി ജനറൽ ഫിസീഷ്യനായി പ്രാക്ടീസ് ചെയ്യുന്ന ഇവർ രണ്ട് വർഷം മുമ്പാണ് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് അൽപ്പ വസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങൾ നംഗ പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമായിരുന്നു.
എന്നാൽ നംഗയുടെ പ്രവൃത്തി മ്യാൻമറിന്റെ സംസ്ക്കാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗണ്‍സിൽ ഈ നടപടി സ്വീകരിച്ചത്. ഇത്തരം പ്രവൃത്തി ചെയ്യരുതെന്ന് തങ്ങൾ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
തന്റെ വ്യക്തിപരമായ കാര്യത്തിൽ മെഡിക്കൽ കൗണ്‍സിൽ ഇടപെടരുതെന്നാണ് നംഗ പറയുന്നത്. ജോലി സമയത്തല്ല താൻ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. കഷ്ടപ്പെട്ട് സ്വന്തമാക്കിയ ഡോക്ടർ പദവി താൻ നശിപ്പിക്കില്ലെന്നും ഈ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും മോഡലിംഗ് താൻ നിർത്തില്ലെന്നും നംഗ വ്യക്തമാക്കി.