താമരശേരി: താമരശേരി ചുങ്കം -മുക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം റോഡിൽ കലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീണു.
രാത്രിയിലാണ് അപകടം സംഭവിച്ചത്. ബൈക്ക് കുഴിയിൽ കിടക്കുന്നുണ്ടെങ്കിലും യാത്രക്കാരനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
വാഹനരേഖ പ്രകാരം എകരൂൽ കണ്ണാറകുഴിയിൽ പക്രുകുട്ടിയുടെ മകൻ അബ്ദുൽ റസാഖാണ് വാഹനത്തിന്റെ ഉടമ.
റോഡിന്റെ പകുതി ഭാഗം കുഴിയെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് വീപ്പകൾ പോലും സ്ഥാപിച്ചിട്ടില്ലായിരുന്നു.
യാതൊരു മുന്നറിയിപ്പ് ബോർഡുകളോ, റിഫ്ളക്ടറുകളോ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ആകെയുണ്ടായിരുന്നത് ഒരു റിബൺ മാത്രം.
യാതൊരു വെളിച്ചവുമില്ലാത്ത ഈ ഭാഗത്ത് എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണിൽ പതിച്ചാൽ റിബൺ കാണാനുള്ള സാധ്യത വളരെ കുറവാണ്.
ഇതെല്ലാമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ ഇടപെടലിനു ശേഷം രാവിലെ ഇരുഭാഗത്തും ഓരോ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ബൈക്ക് പാലം പ്രവൃത്തിക്കായി എത്തിയ ജീവനക്കാർ കുഴിയിൽ നിന്നും കരക്കെത്തിച്ചു.