അടൂര്‍: മക്കൾക്കെതിരെ പിതാവ് നൽകിയ മൊഴിയേതുടർന്ന് കേസ്. മണക്കാല തുവയൂർ സ്വദേശി ഗോപാലകൃഷ്ണൻ നായരുടെ (86) മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇളയമകന്റെ ഉപദ്രവവും വിശപ്പും ഒറ്റപ്പെടലും സഹിക്കാനാകാതെയാണ് താന്‍ വീട് വിട്ടതെന്നും അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി ഉപജീവനം കഴിക്കുകയും അന്തിയുറങ്ങുകയും ചെയ്യേണ്ടി വന്നതെന്നും നാല് മക്കളുടെ പിതാവായ ഗോപാലകൃഷ്ണൻ നായരുടെ മൊഴിയിൽ പറയുന്നു.
ഭാര്യ മരിച്ചതോടെ തനിക്ക് ദുരിതമായതായും തന്റെ പേരിലുണ്ടായിരുന്ന സ്വത്തു വകകള്‍ വിറ്റ് മകള്‍ക്ക് ഓഹരി നല്‍കിയതായും ഭാര്യയുടെ പേരിലുള്ള സ്വത്തിനായി മക്കള്‍ തമ്മില്‍ തര്ക്കമായതിനാലാണ് തന്നെ ആരും പരിഗണിക്കാത്തതെന്നും ഇദ്ദേഹം പറഞ്ഞു.
മക്കളോടൊപ്പം ദുരിതത്തിലേക്ക് ഇനി തന്നെ വിടരുതെന്നും മഹാത്മയില്‍ അഗതിയായി കഴിയാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. മുതിര്‍ന്ന പൗരനെ സംരക്ഷിക്കാത്തതിന് മക്കൾക്കെതിരെയും പിതാവിനെ ദേഹോപദ്രവം ഏല്പിച്ചതിന് ഇളയ മകനെതിരെയും അടൂര്‍ പോലീസ് കേസെടുത്തു.