കോഴിക്കോട്: കോട്ടയം പോലീസ് സ്റ്റേഷന് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് കോടതിയെ സമീപിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൈതമലത്താഴത്ത് ബിലാലി(24)നെയാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളജ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മെഡിക്കല്‍കോളജ് പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമക്കേസുള്‍പ്പെടെ 24 കേസുകളിലെ പ്രതിയാണ് ബിലാല്‍.
ക്രിമിനല്‍ പശ്ചാത്തലവുമായി ജീവിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇതുവരേയും ബിലാല്‍ റൗഡി ലിസ്റ്റില്‍ പോലും ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് മെഡിക്കൽ്കോളജ് പോലീസ് മുന്‍കരുതല്‍ അറസ്റ്റിന് വേണ്ടി ആർഡിഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ബിലാലിനെതിരേ റൗഡി ഷീറ്റ് ഓപ്പണ്‍ ചെയ്ത് റൗഡി പട്ടികയിലുള്പ്പെടുത്തുകയായിരുന്നു.
കേസോ പരാതികളോ ഒന്നുമില്ലാതെ തന്നെ പ്രശ്നങ്ങളുണ്ടാക്കിയാല്‍ ബിലാലിനെ സിറ്റി പോലീസിന് അറസ്റ്റ് ചെയ്യാം. പിന്നീടാണ് യഥാര്‍ഥ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഇപ്പോൾ കോട്ടയം ജയിലിൽ
മൂന്നു ദിവസം മുമ്പ് കോട്ടയം പോലീസ് സ്റ്റേഷന് അടിച്ചുതകര്‍ത്തതുമായി ബന്ധപ്പെട്ട് ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കോട്ടയം ജയിലില്‍ റിമാന്‍ഡിലാണ്.
കോട്ടയം നഗരത്തിലെ ഒരു സ്ഥാപനത്തിനു മുന്നില്‍ ഒരു സംഘം മദ്യപിച്ചു ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു വെസ്റ്റ് സ്റ്റേഷന് പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും ബിലാലിനൊപ്പമുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
പോലീസുകാര്‍ സംഘം ചേര്‍ന്നു ബിലാലിനെ പിടികൂടി. പിന്നീട് സ്റ്റേഷനില്‍ എത്തിച്ചതോടെ ഇയാള്‍ അക്രമാസക്തനായി.
സ്റ്റേഷനിലെ മേശയും കസേരയും അടിച്ചു തകര്‍ത്ത ബിലാല്‍ ജനാല തല്ലിപ്പൊട്ടിച്ചു. ഫയലുകള്‍ വലിച്ചെറിഞ്ഞുകളയുകയും ചെയ്തു.
ഇതേത്തുടര്‍ന്നു പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു.
പിടികിട്ടാപ്പുള്ളി
കോഴിക്കോട് ചേവായൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയായ ബിലാല്‍ ഏറ്റുമാനൂരിലെ ബന്ധുവിനെ കാണുന്നതിനായാണ് കോട്ടയത്ത് എത്തിയത്.
കോഴിക്കോട് ടൗണ്‍ സ്റ്റേഷനുള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ മാല മോഷണം അടക്കം 15 കേസുകളില്‍ പ്രതിയാണ് ബിലാല്‍.
ബൈക്കില്‍ കറങ്ങി നടന്നു മാല മോഷണം നടത്തിയതിനു കോട്ടയം വെസ്റ്റ് , ഏറ്റുമാനൂര്‍, കുറവിലങ്ങാട്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും ബിലാലിനെതിരേ കേസുണ്ട്.
ബിലാലിനെ പുറമേ കോഴിക്കോട് സിറ്റിയിലെ ആറ് സ്ഥിരം കുറ്റവാളികളേയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് പോലീസ് തീരുമാനിച്ചത്.