കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ബിലാൽ ജാമ്യത്തി ലിറങ്ങുന്നു. ജാമ്യം അനുവദിക്കപ്പെട്ടശേഷം ഒരുവർഷം കഴിഞ്ഞാണ് ബിലാൽ പുറത്തിറങ്ങുന്നത്.
താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ ബിലാലി(24)ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജയചന്ദ്രൻ കഴിഞ്ഞവർഷം ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും ജാമ്യക്കാരന് ഇല്ലാതിരുന്നതിനാലും മറ്റൊരു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാലുമാണ് ബിലാലിന്റെ ജയിൽ മോചനം വൈകിയത്.
2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചു തന്നെയും ഭർത്താവ് സാലി നാൽപത് ദിവസത്തിനുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ രണ്ടു ദിവസത്തിനുശേഷം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണു കോടതി പ്രതിക്ക് കഴിഞ്ഞവർഷം ജാമ്യം അനുവദിച്ചത്.