ന്യൂഡൽഹി: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ യുഎൻ രക്ഷാസമിതി സമ്മേളനത്തിൽ വിവാദ പരാമർശം നടത്തിയ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോക്കെതിരേ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും.
ബിജെപി രാജ്യവ്യാപകമായി പ്രതിഷേധവും സംഘടിപ്പിക്കും.”ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്ട്’ എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ പരാമർശം.
ലോകം പാക്കിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞതിനോടായിരുന്നു ബിലാവലിന്റെ പരിധിവിട്ട പ്രതികരണം.
പാക്കിസ്ഥാൻ പിന്നെയും തരംതാഴുന്നതിന്റെ തെളിവാണു ബിലാവലിന്റെ പ്രസ്താവനയെന്നു വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.1971ലെ ഈ ദിവസങ്ങൾ പാക്ക് വിദേശകാര്യ മന്ത്രി തീർച്ചയായും മറന്നിരിക്കും.
പാക്കിസ്ഥാനിലെ ബംഗാളികൾക്കും ഹിന്ദുക്കൾക്കും എതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വംശഹത്യ നടന്നത് ഈ ദിവസങ്ങളിലാണ്. നിർഭാഗ്യവശാൽ, ന്യൂനപക്ഷങ്ങളോടുള്ള പാക്ക് മനോഭാവത്തിൽ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല.
സ്വയം യോഗ്യത നഷ്ടപ്പെടുത്തിയാണ് അവർ ഇന്ത്യയ്ക്കെതിരെ അധിക്ഷേപം ചൊരിയുന്നത്. പാക്ക് വിദേശകാര്യ മന്ത്രിയുടേത് ‘അപരിഷ്കൃത പൊട്ടിത്തെറിക്കലാണ്’ എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പാക്ക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പാപ്പരത്തമുള്ള ആ രാജ്യത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ മാനസിക പാപ്പരത്തത്തെയും പ്രതിനിധീകരിക്കുന്നുവെന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.
പരാജയപ്പെട്ട രാജ്യത്തിന്റെ, പരാജയപ്പെട്ട നേതാവാണ് ബിലാവൽ ഭൂട്ടോ. തീവ്രവാദ മനസുള്ളവരിൽനിന്നു മറ്റെന്താണു പ്രതീക്ഷിക്കുകയെന്നും മീനാക്ഷി ലേഖി ചോദിച്ചു.
ഹീനവും നിരുത്തരവാദപരവുമായ പ്രതികരണമാണു ബിലാവലിന്റേതെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 1971ലെ വേദന പാക്കിസ്ഥാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും.
93,000ലേറെ പാക്ക് പട്ടാളക്കാർ ഇന്ത്യയ്ക്കു മുന്നിൽ അന്നു കീഴടങ്ങിയിരുന്നു. ആ നഷ്ടത്തിൽ ബിലാവൽ ഭൂട്ടോയുടെ മുത്തച്ഛൻ സുൾഫിക്കർ അലി ഭൂട്ടോ പൊട്ടിക്കരഞ്ഞുവെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി.