തലശേരി: പാനൂർ കടവത്തൂർ മേഖലയിലുണ്ടായ സംഘർഷത്തിൽ നാലു വീടുകൾക്ക് നേരെ ബോം ബേറ്. ബൈക്ക് കത്തിച്ചു. പാലത്തായി പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട പദ്മരാജന്റെ ബൈക്കാണ് കത്തിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയാണ് ആദ്യ ബോംബേറ് നടന്നത്. ഇതിനു പിന്നാലെ ഒരുമ നഗറിലെ ലീഗ് പ്രവർത്തകൻ വാർപ്പിൽ നാസറുടെ വീടിനും ബിജെപി. സ്ഥാനാർത്ഥിയായി മൽസരിച്ച പെരുവാമ്പ്ര ഷാനിമയുടേയും, ബി.ജെ പി പ്രവർത്തകൻ കണിയാം കുന്നുമ്മൽ ജയപ്രകാശിന്റെ വീടുകൾക്കു നേരെയും ബോംബേറുണ്ടായി.
നാസറിന്റെ വീട്ടു മതിലിനും ഷാനിമയുടെ വീട്ടു ഗേറ്റിന്റെ തൂണിനും ജയപ്രകാശന്റെ വീടിലെ കുളിമുറിയുടെ ജനൽ ഗ്ലാസിനും കേടുപറ്റി.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അക്രമം. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് പത്മരാജന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചത്.
വീട്ടിൽ പത്മരാജന്റെ അമ്മ ചീരുവും സഹോദരൻ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി നേതാവ് വി.പി. ബാലൻ ആരോപിച്ചു.
കൊളവല്ലൂർ എസ്.എച്ച്.ഒ ലതീഷിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധിച്ചു.