ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനോയെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരേ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്.
ശിക്ഷാ ഇളവു നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്.
15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനൽകി വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു.