ന്യൂഡൽഹി: ബില്ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലിൽ കീഴടങ്ങി. കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. സുപ്രീം കോടതി നല്കിയ സമയപരിധി അവസാനിക്കാന് മിനിറ്റുകള് ബാക്കിനിൽക്കെയാണ് ഞായറാഴ്ച രാത്രി 11.45ന് ഗുജറാത്തിലെ പഞ്ചമഹലിലെ ഗോധ്ര സബ് ജയിലിൽ പ്രതികൾ കീഴടങ്ങിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പോലീസും അറിയിച്ചു.
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് 11 പ്രതികളെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്.
15 വർഷത്തോളം തടവനുഭവിച്ച പ്രതികളെ 2022 ഓഗസ്റ്റ് പതിനഞ്ചിന് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഇതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും ജയിൽമോചിതരായ 11 പ്രതികളും ജനുവരി 22നകം കീഴടങ്ങണമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികളിലൊരാൾ നൽകിയ ജാമ്യഹർജിയും കോടതി തള്ളിയിരുന്നു.