ലോകത്തുള്ള എല്ലാവരോടും ക്ഷമാപണം നടത്തി; മോണിക്ക ലെവിന്‍സ്കിയോട് മാത്രം അതിന്റെ ആവശ്യമില്ല; പുതിയ പുസ്തകത്തിലൂടെ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് ബില്‍ ക്ലിന്റണ്‍…

വാഷിംങ്ടണ്‍: ലോകം ഏറ്റവും കൂടുതല്‍ ആഘോഷിച്ച അവിഹിത ബന്ധം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്കാ ലെവിന്‍സ്കിയുമായുള്ള ബന്ധമാണത്.

ബന്ധം പുറത്തറിയിച്ച ശേഷം ഇന്നോളം മോണിക്ക് ലെവിന്‍സ്കിയുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്ന ക്ലിന്റന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമമായ എന്‍ബിസിയുമായി നടത്തിയ അഭിമുഖത്തിലാണ് 71കാരനായ ക്ലിന്റണ്‍ തന്നെ പിടിച്ചുകുലുക്കിയ കേസിനെക്കുറിച്ച് വാചാലനായത്. ‘ദ പ്രസിഡന്റ് ഈസ് മിസ്സിങ്ങ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

സംഭവത്തിനു ശേഷം 22 വയസുള്ള മോണിക്കയോട് ക്ഷമാപണം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് താന്‍ ലോകത്തുള്ള എല്ലാവരോടും ക്ഷമാപണം നടത്തിയെന്നും വ്യക്തിഗതമായ ക്ഷമാപണത്തിന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും ക്ലിന്റണ്‍ വ്യക്തമാക്കി.

ആ സംഭവത്തിനു ശേഷം മോണിക്കയോട് താന്‍ സംസാരിച്ചിട്ടില്ലെന്ന് ക്ലിന്റണ്‍ തുറന്നു പറഞ്ഞു.1995ല്‍ മുതലാണ് അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്‍ണും വൈറ്റ് ഹൗസ് ഇന്റേര്‍ണി മോണിക്ക ലെവിന്‍സ്കിയുമായുള്ള ബന്ധം ആരംഭിച്ചത്.

അവിഹിതബന്ധ ആരോപണങ്ങള്‍ ആദ്യമൊക്കെ നിഷേധിച്ച ക്ലിന്റണ്‍ കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് 1998 ഓഗസ്റ്റ് 18ന് ആരോപണം ശരിയെന്ന് സമ്മതിച്ചു. അവിഹിതബന്ധവും പിന്നീട് ക്ലിന്റണെ ജനപ്രതിനിധിസഭ ഇമ്പീച്ച് ചെയ്യുന്നത് വരെയെത്തിയ സംഭവങ്ങള്‍ പിന്നീട് ലെവിന്‍സ്കി സ്കാന്‍ഡല്‍ എന്ന് അറിയപ്പെടുന്നു.

താന്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടും ഭര്‍ത്താവിനെ കൈവിടാതെയിരുന്ന ഹിലാരി ക്ലിന്റണ്‍ അന്ന് വളരെയധികം പ്രശംസ ഏറ്റു വാങ്ങുകയും ചെയ്തു.

Related posts