ന്യൂഡൽഹി: വിവാദമായ പൗരത്വ (ഭേദഗതി) ബില്ലിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആസാമിലെ നാലിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. ഗോഹട്ടി നഗരത്തിൽ കരസേനയുടെ രണ്ട് കോളം ഫ്ലാഗ് മാർച്ച് നടത്തി. ടിൻസുകിയ, ദിബ്രുഗഡ്, ജോർഹാത് ജില്ലകളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ കേന്ദ്രം ആസാമിലെ വലിയ നഗരമായ ഗോഹട്ടിയാണ്. വ്യാഴാഴ്ച രാവിലെ തന്നെ സൈന്യം നഗരത്തിൽ ഫ്ലാഗ് മാർച്ച് നടത്തി.
ദിബ്രുഗഡിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ദിബ്രുഗഡിലേയും തെസ്പുരിലേയും ബിജെപി പാർട്ടി ഓഫീസുകൾക്കു നേരെ ആക്രമണമുണ്ടായി. ഗോഹട്ടിയിൽ അനിശ്ചിത കാലത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആസാമിലെ 10 ജില്ലകളിൽ ഇന്റർനെറ്റ് മൊബൈൽ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ആസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിന്റെയും കേന്ദ്രമന്ത്രി രാമേശ്വർ ടെലിയുടേയും വീടുകൾക്കുനേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ദിബ്രുഗഡിലേക്കും നിരോധനാജ്ഞ നീട്ടി. ലാഖിനഗറിലുള്ള മുഖ്യമന്ത്രിയുടെ വസതിക്കുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കേന്ദ്രമന്ത്രിയുടെ ദുലിയജാനിലുള്ള വീടിനു നേർക്കും ആക്രമണം ഉണ്ടായി. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാർ വ്യാഴാഴ്ച രാവിലെയും നിരത്തിലിറങ്ങി.
ത്രിപുരയിലെ കാഞ്ചൻപുർ, മനു എന്നിവിടങ്ങളിൽ രണ്ടു കോളം പട്ടാളം ഇറങ്ങി. അയ്യായിരത്തോളം അർധസൈനികരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ ആസാമിലെ ദിസ്പുർ, ഗോഹട്ടി, ദിബ്രുഗഡ്, ജോർഹട്ട് എന്നിവിടങ്ങളിൽ പൗരത്വബില്ലിനെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർ വാതകം പ്രയോഗിച്ചു.
നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 11 മ ണിക്കൂർ ബന്ദ് നടത്തി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധത്തെത്തുടർന്ന് ത്രിപുരയിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സൗകര്യങ്ങൾ 48 മണിക്കൂർ റദ്ദാക്കിയിരുന്നു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന്, സെപാഹിജാലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രണ്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു.
വരാനിരിക്കുന്നത് വൻ നിയമപോരാട്ടം
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതോടെ വരാനിരിക്കുന്നത് നിയമപോരാട്ടം. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽവരും. പൗരത്വ ഭേദഗതി ബില്ലിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകി. രാവിലെ പത്ത് മണിക്ക് തന്നെ ഹർജി ഫയൽ ചെയ്തു.
ഹർജി തയാറാക്കുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് എംപിമാരായ പി. കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീർ തുടങ്ങിവർ കഴിഞ്ഞ ദിവസം കോണ്ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലിനെ കണ്ടിരുന്നു. കപിൽ സിബലിന്റെ കൂടി നിർദേശങ്ങൾ സ്വീകരിച്ചാണ് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ ഹാരിസ് ബീരാൻ ഹർജി തയാറാക്കിയത് എന്നാണ് വിവരം. നിയമത്തിനെതിരേ ഹർജി നൽകാൻ കോണ്ഗ്രസും ആലോചിക്കുന്നുണ്ട്.
കോടതി പ്രവർത്തനം തുടങ്ങിയ ഉടൻതന്നെ ലീഗ് നേതാക്കളെത്തി ഹർജി നല്കുകയായിരുന്നു.
വലിയ പ്രതിഷേധം ഉണ്ടെന്നറിയിക്കാനാണ് തങ്ങൾ നേരിട്ടെത്തിയതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു കറുത്ത ദിനം തന്നെയാണ്. ഇന്നു മതത്തിന്റെ പേരിൽ തുടങ്ങിവച്ച വിവേചനം നാളെ നിറത്തിന്റെയും ഭാഷയുടെയും പ്രാദേശികത്വത്തിന്റെയും പേരിലാവാം.
ചെറുംപ്പം മുതൽ നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ച തുല്യതയൊക്കെ ഇല്ലാതായിരിക്കുന്നു. വലിയ പ്രതിഷേധം ഉയരേണ്ടതുണ്ട്. രാജ്യത്തെ വലയ്ക്കുന്ന സാന്പത്തിക പരാജയം മറച്ചുവയ്ക്കാനുംകൂടിയാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നീക്കമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.