കോളിളക്കം സൃഷ്ടിച്ച കേസിൽ ഡൽഹി പോലീസ് കൊണ്ടുപിടിച്ച് അന്വേഷിച്ചിട്ടും കുറ്റവാളികളുടെ പൊടിപോലും കിട്ടിയില്ല. കാറിനെക്കുറിച്ചും പ്രതികളെക്കുറിച്ചുമെല്ലാം സാക്ഷിമൊഴികൾ കിട്ടിയിട്ടും പ്രതികളെ കണ്ടെത്താനാകാത്തതു പോലീസിനു വലിയ നാണക്കേടുമായി.
പ്രധാനമന്ത്രിവരെ നിർദേശം നൽകിയ കേസിലെ പ്രതികളെ പിടിക്കേണ്ടത് പോലീസ് സേനയുടെ അഭിമാനപ്രശ്നംകൂടിയായി മാറി. രണ്ടാഴ്ചകൾക്കു ശേഷം കേസിൽ രംഗയും ബില്ലയും പിടിയിലായി. അതു ഡൽഹി പോലീസിന്റെ അന്വേഷണ മികവുകൊണ്ടൊന്നുമല്ല, മറിച്ചു പ്രതികൾക്ക് പറ്റിയ ഒരു അബദ്ധംകൊണ്ടാണ്.
1978 സെപ്റ്റംബർ എട്ടിന് ആഗ്രയ്ക്കു സമീപം, യമുനാ നദിക്കു കുറുകെയുള്ള റെയിൽപാലത്തിലൂടെ പതുക്കെ പോവുകയായിരുന്ന കാൽകാ മെയിലിലേക്കു പ്രതികൾ ചാടിക്കയറിയതാണ് അവരെ കുടുക്കിയത്. എല്ലാം യാദൃശ്ചികമായി സംഭവിച്ചു.
അവർ ചാടിക്കയറിയതു മിലിട്ടറി ഒൺലി റിസർവേഷൻ കമ്പാർട്ട്മെന്റിലേക്കായിരുന്നു. അപ്രതീക്ഷിതമായി കന്പാർട്ട്മെന്റിലേക്കു ചാടിക്കയറിവന്ന, ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന രണ്ടുപേരെ കണ്ടപ്പോൾ പട്ടാളക്കാർ ചോദ്യംചെയ്തു.
വാക്കുതർക്കമായി, വഴക്കായി, അടിപിടിയായി. അതിക്രമിച്ചെത്തിയവർ ക്രിമിനലുകളാണെന്നു പട്ടാളക്കാർക്കു ബോധ്യപ്പെട്ടു. തുടർന്ന് ഇരുവരെയും തടഞ്ഞുവച്ചു.
ഡൽഹി സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അതിക്രമിച്ചു കയറിയവരെ പട്ടാളക്കാർ റെയിൽവേ പോലീസിനു കൈമാറി. പ്രതികളെ പരിശോധിച്ച ഡോക്ടർ ഇവരുടെ ദേഹത്തു മൽപ്പിടിത്തത്തിന്റേതായ മുറിപ്പാടുകൾ കണ്ടെത്തി.
ബില്ലയുടെ തലയിലെ മുറിവും രംഗയുടെ കൈയിലെ മുറിവും രണ്ടാഴ്ചയോളം പഴക്കമുള്ളതാണെന്നും കണ്ടെത്തി. ഇവരുടെ ബാഗിൽനിന്നു ചോരപുരണ്ട വസ്ത്രങ്ങളും ഒരു കൃപാണും കണ്ടെടുത്തു. ഇതോടെ പോലീസിനു സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തു.
ഒടുവിൽ കുറ്റസമ്മതം
സെപ്റ്റംബർ 22ന് ബില്ല പോലീസിനോടു കുറ്റസമ്മതം നടത്തി. അധികം വൈകാതെ രംഗയും കുറ്റസമ്മത മൊഴി നൽകി. പക്ഷേ പിന്നീട് ഇരുവരും തങ്ങളുടെ മൊഴികൾ നിഷേധിച്ചു. പോലീസ് മർദിച്ചു തങ്ങളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്നു പ്രതികൾ വാദിച്ചു. കാറിൽനിന്നും ആൺകുട്ടിയുടെ ശരീരത്തിലുംനിന്ന് രംഗയുടെ മുടി കണ്ടെടുക്കപ്പെട്ടു.
രംഗയുടെ വിരലടയാളം ആ കാറിലും സ്ഥിരീകരിക്കപ്പെട്ടു. ബില്ലയുടെ മുടി പെൺകുട്ടിയുടെ ദേഹത്തുനിന്നു കണ്ടെടുത്തു. അതുപോലെ പരിക്കിന് ചികിത്സിക്കാൻ പോയ വില്ലിംഗ്ടൺ ആശുപത്രിയിലെ ഒപ്പും ബില്ലയുടേതാണെന്നു തിരിച്ചറിഞ്ഞു.
കുട്ടികൾക്കു സംഭവിച്ചത്
മുംബൈയിൽ വച്ചാണ് രംഗയും ബില്ലയും പരിചയപ്പെടുന്നത്. ആദ്യം ട്രക്ക് ഓടിച്ചിരുന്ന രംഗ പിന്നീടു ടാക്സി ഡ്രൈവറായി മുംബൈയിൽ എത്തി. ക്രിമിനൽ സ്വഭാവമുള്ള രംഗയും ബില്ലയും കൂട്ടുചേർന്നതോടെ പല കുറ്റകൃത്യങ്ങളും ഇവർ ചെയ്തു. ഇരുവരും മുംബൈയിലും മറ്റും അല്ലറ ചില്ലറ തട്ടിക്കൊണ്ടുപോകലുകൾ ഒക്കെ നടത്തി.
ബില്ല കൊലപാതകങ്ങൾ വരെ ചെയ്തിട്ടുള്ള ക്രിമിനൽ ആയിരുന്നു. ഇയാളുടെ ക്രിമിനൽ ചരിത്രം വച്ചു മുംബൈയിൽ ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് ബില്ല രംഗയെയുംകൂട്ടി ഡൽഹിയിലേക്കു കടക്കാൻ തീരുമാനിച്ചത്.
ഓഗസ്റ്റ് 19ന് ഡൽഹി അശോകാ ഹോട്ടലിനു പുറത്തു പാർക്ക് ചെയ്തിരുന്ന ഫിയറ്റ് കാർ ഇരുവരും മോഷ്ടിച്ചു. തത്കാലത്തേക്കു മജ്ലിസ് പാർക്കിൽ ഒരു വീട് വാടകയ്ക്കെടുത്ത് ഇരുവരും താമസം ആരംഭിച്ചു.
ബന്ദിയാക്കാൻ ശ്രമം
ഓഗസ്റ്റ് 26ന്, വഴിയിൽ ആരെയെങ്കിലുമൊക്കെ കൊള്ളയടിക്കാമെന്ന ഉദ്ദേശ്യത്തോടെ രംഗയും ബില്ലയും കാറുമെടുത്തു പുറപ്പെട്ടുവരുന്ന വഴിക്കാണ് ഗീതയും സഞ്ജയും ലിഫ്റ്റ് ചോദിക്കുന്നത്. കണ്ടപ്പോൾ ഏതോ പണച്ചാക്കുകളുടെ മക്കളാണെന്നു തോന്നിയതോടെ അവരെ തട്ടിക്കൊണ്ടുപോകാമെന്നു കരുതി ലിഫ്റ്റ് കൊടുത്തു.
കാറിന്റെ പിൻഭാഗത്തെ ഡോർ തുറക്കാനുള്ള ഹാൻഡിൽ മുമ്പേതന്നെ ബില്ല ലൂസാക്കി വച്ചിരുന്നു. കുട്ടികൾ കാറിൽ കയറിയതോടെ ഹാൻഡിൽ രണ്ടും ഊരിയെടുത്തു. ഇതോടെ അപകടം മണത്ത കുട്ടികൾ പേടിച്ചരണ്ട് ഇരിക്കാതെ അവരുമായി മല്ലിടാൻ തുടങ്ങി.
കുട്ടികൾ പോരാട്ടം തുടങ്ങിയതോടെ തന്റെ വാൾ കാണിച്ചു ബില്ല ഭയപ്പെടുത്താൻ ശ്രമിച്ചു. അതിനിടെ, ആൺകുട്ടിയുടെ ചുമലിൽ വാൾ കൊണ്ട് മുറിവുപറ്റി. ഏറെ നേരം കുട്ടികളുമായി കാറിനുള്ളിൽ മൽപിടിത്തം നടത്തിയ ശേഷം ഇരുവരും ചേർന്നു കുട്ടികളെ ആളൊഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടുപോയി.
അപ്പോഴേക്കും കുട്ടികളുടെ അച്ഛൻ നേവൽ ഓഫീസറാണെന്നും തങ്ങൾ കരുതിയത്ര പണച്ചാക്കുകളല്ല കുട്ടികളെന്നും അവർക്കു ബോധ്യപ്പെട്ടിരുന്നു. ബന്ദിയാക്കി പണം വാങ്ങാനുള്ള സാഹചര്യമില്ലെന്നും അവർക്കു മനസിലായി.
വെറുതെ വിട്ടാൽ
ഇത്രയും നേരം തങ്ങളുമായി മല്ലുപിടിച്ച കുട്ടികളെ വെറുതെ വിട്ടാൽ തങ്ങൾ പിടിക്കപ്പെട്ടേക്കുമെന്നു ബില്ലയ്ക്കു സംശയമുണ്ടായിരുന്നു. അതിനാൽ ആൺകുട്ടിയെ ചേച്ചിയുടെ അടുത്തുനിന്നു ദൂരേയ്ക്കു പിടിച്ചുകൊണ്ടുപോയി കുത്തിക്കൊല്ലാൻ ബില്ല രംഗയെ ഏൽപ്പിച്ചു.
എന്നാൽ, മരിച്ചെന്ന് ഉറപ്പാക്കുന്നതുവരെ കുത്താനുള്ള ചങ്കുറപ്പ് രംഗയ്ക്ക് ഇല്ലെന്നു ബോധ്യപ്പെട്ട ബില്ല ആ ജോലി സ്വയം ഏറ്റെടുത്തു. അവൻ മരിച്ചെന്നുറപ്പിച്ച്, വാളിലെ ചോരയും തുടച്ചുകൊണ്ട് ബില്ല നേരെ ചെന്നതു ഗീതയുടെ നേർക്കാണ്.
വിജനമായ ആ പ്രദേശത്തുവന്ന് ബില്ല ആ കൗമാരക്കാരിയെ കടന്നുപിടിച്ചു. അവളുടെ നിലവിളി വിജനതയിൽ ഉത്തരമില്ലാതെ ലയിച്ചു. തന്റെ ഊഴം കഴിഞ്ഞപ്പോൾ രംഗയെയും ബില്ല മാനഭംഗത്തിനു പ്രോത്സാഹിപ്പിച്ചു. രംഗയും അവളെ കടന്നുപിടിച്ചു കീഴടക്കി. എന്നാൽ, ബില്ലയിലെ ക്രിമിനൽ അടങ്ങാൻ തയാറായിരുന്നില്ല.
അല്പം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ മുതിർന്നു. ഇതിനിടെ, അടുത്തുകിടന്ന കൃപാൺ എടുത്തു പെൺകുട്ടി ബില്ലയുടെ തലയ്ക്കു കുത്തി. തലയ്ക്കു കുത്തേറ്റതോടെ അയാൾ പിടിവിട്ടു. ഈ അവസരം മുതലാക്കി ഗീത ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പിന്നാലെയെത്തിയ രംഗ അവളെ കീഴടക്കി.
തങ്ങളെ ആക്രമിച്ചതിന്റെ കൂടി പകയോടെ ഇരുവരും അവളെ ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹങ്ങൾ ഉപേക്ഷിച്ചു. വാഹനം കഴുകി വൃത്തിയാക്കി സ്ഥലം വിട്ടു. പിന്നീടാണ് ഇവർ അബദ്ധത്തിൽ പിടിയിലാകുന്നത്.
കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ പ്രതികൾക്കു വധശിക്ഷ നൽകണമെന്ന ആവശ്യം രാജ്യമെങ്ങും ഉയർന്നു. പ്രതികൾക്കെതിരേയുള്ള കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ കോടതിയിൽ കഴിഞ്ഞു. രംഗയെയും ബില്ലയെയും കോടതി വധശിക്ഷയ്ക്കു വിധിച്ചു.
ധീരതയ്ക്ക് അവാർഡ്
അജ്ഞാതരാൽ തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷവും എതിരിട്ടുനിൽക്കാൻ കാണിച്ച അസാമാന്യമായ ധീരതയ്ക്കു ചോപ്ര സഹോദരങ്ങൾക്കു മരണാന്തരം കീർത്തിചക്ര അവാർഡ് നൽകി രാഷ്ട്രം അവരെ ആദരിച്ചു.
ഇവരോടുള്ള ആദരസൂചകമായി രാഷ്ട്രപതിയുടെ ധീരതയ്ക്കുളള പുരസ്കാരങ്ങൾക്കൊപ്പം ഇന്ന് സഞ്ജയ് ചോപ്ര പുരസ്കാരം, ഗീത ചോപ്ര പുരസ്കാരം എന്നിങ്ങനെ രണ്ട് അവാർഡുകൾകൂടി നൽകപ്പെടുന്നുണ്ട്.