ജിബിൻ കുര്യൻ
കോട്ടയം: ലോക് ഡൗണിൽ വീട്ടിലിരുത്തിയിരിക്കുന്ന കായികതാരങ്ങളുടെ പരിശീലന കളരി വീടും പരിസരവുമാണ്.
ദേശീയ പോൾവാൾട്ട് താരം കെ.പി. ബിമിനും ഭാര്യയും കോമണ്‍വെൽത്ത് മെഡലിസ്റ്റുമായ പ്രജുഷയും പാലായ്ക്കു സമീപം പോണാടിലുള്ള ഇവരുടെ വീടും മുറ്റവും പരിശീലനകളരിയാക്കി രാവിലെയും വൈകുന്നേരവും പരിശീലനത്തിലാണ്.
പോൾവാൾട്ടിൽ ദേശീയതാരം കൂടിയായ കെ.പി. ബിമിൻ മത്സരിക്കാനിരുന്ന പ്രധാനപ്പെട്ട മൂന്നു മത്സരങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. ഫെഡറേഷൻ കപ്പ്, ഇൻറർ സ്റ്റേറ്റ്, ഓപ്പണ്‍ നാഷണൽ തുടങ്ങിയ മത്സരങ്ങൾ ഇനി എന്നു നടക്കുമെന്നു പോലും നിശ്ചയമില്ല.
ഈ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലും പരിശീലനത്തിലുമായിരുന്നു ബിമിൻ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു ബിമിൻ പരിശീലനം നടത്തിയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്റ്റേഡിയം അടച്ചു. ഇതോടെയാണ് തന്റെ വീട്ടുമുറ്റം ബിമിൻ പരിശീലന കളരിയാക്കിയത്.
വീടിനോടു ചേർന്നുതന്നെ നിർമിച്ചിരിക്കുന്ന വോൾ ബാർ, ഹൊറിസോണ്ടൽ ബാർ, റോമൻ റിംഗ്, റോപ്പ് ക്ലൈംബിംഗ്, എക്സ്പ്ലോസീവ് സ്ട്രംത്, ലാഡർ തുടങ്ങിയവയിലാണ് പരിശീലനം. ഇതിനു പുറമേ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതൽ കായികതാരങ്ങൾക്ക് വീട്ടിലിരുന്നു ഫിറ്റ്നസ് വർധിപ്പിക്കാനുള്ള ടിപ്സ് ട്രാവൽ ആൻഡ് ഫിറ്റ്നസ് എന്ന യു ട്യൂബ് ചാനലിലൂടെയും സംപ്രേക്ഷണം ചെയ്യുന്നു.
കായികതാരങ്ങൾക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരിശീലനം മുടങ്ങി. ഇത് അവരുടെ ഫിറ്റ്നസിനെ ബാധിക്കും. ഇതുവരെ നടത്തിയ പരിശീലനത്തിലൂടെ ലഭിച്ച ഫിറ്റ്നസ് മുഴുവനായും നഷ്ടപ്പെടും ഇതൊഴിവാക്കാനാണ് ഈ ടിപ്സ് നൽകുന്നതെന്നും ഇതു വളരെയധികം പ്രയോജനം ചെയ്യുന്നതായും സുഹൃത്തുക്കളായ കായികതാരങ്ങൾ പറയുന്നുണ്ടെന്ന് ബിമിൻ പറഞ്ഞു.
കായിത താരങ്ങൾക്കു പുറമേ വീട്ടിൽ ഇരുന്ന് ഒരു ജോലിയും ചെയ്യാതെ കൊളസ്ട്രോളും ഷുഗറുമൊക്കെ കൂട്ടുന്ന സാധാരണക്കാർക്കും ഈ ടിപ്സ് പ്രയോജനപ്പെടുമെന്നാണ് ബിമിനും പ്രജുഷയും പറയുന്നത്.
ഭാര്യ പ്രജുഷയും മകൻ അത്ലീനും പരിശീലനത്തിൽ ബിമിനൊപ്പമുണ്ട്.
ഫിറ്റ്നസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രകൃതിദത്ത പഴങ്ങളും മറ്റും ഉപയോഗിച്ചുള്ള ഭക്ഷണരീതിയും ബിമിൻ യു ട്യൂബിലുടെ അവതരിപ്പിക്കുന്നുണ്ട്. പോണാട് കുഴിയടിയിൽ കെ.കെ. പോളിന്റെയും ശ്യാമളയുടെയും മകനാണ് ബിമിൻ. ചാലക്കുടി അന്പഴക്കാട്ട് ആൻറണിയുടെയും ആനീസിന്റെയും മകളാണ് പ്രജുഷ.