ജിദ്ദ: ലോകം മുഴുവൻ വിറപ്പിച്ച കൊടും ഭീകരൻ അമ്മയ്ക്കു പൊന്നുമോൻ തന്നെ. അൽക്വയ്ദയുടെ വധിക്കപ്പെട്ട തലവൻ ഉസാമ ബിൻലാദനെക്കുറിച്ച് അമ്മ ആലിയ ഖാനെമിനുള്ള ഓർമ, കുട്ടിക്കാലത്തെ നാണംകുണുങ്ങി പയ്യനെന്നാണ്.
ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ആലിയ മകനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. ഉസാമയുടെ അമ്മ ആദ്യമായിട്ടാണ് അഭിമുഖം നല്കുന്നത്. ജിദ്ദയിലെ കൊട്ടാരസദൃ ശ്യമായ ബംഗ്ലാവിലാണ് ആലിയ താമസിക്കുന്നത്.
ബിൻലാദൻ കുടുംബത്തിന്റെ ഈ വീട്ടിൽ ഉസാമയുടെ ചിത്രവും ഉണ്ട്. നിർമാണ വ്യവസായമടക്കം നടത്തുന്ന ബിൻ ലാദൻ കുടുംബം സൗദിയിലെ ഏറ്റവും വലിയ സന്പന്ന കുടുംബങ്ങളിലൊന്നാണ്. ഉസാമ മാത്രമാണ് കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കിയിട്ടുള്ളത്.
കുട്ടിക്കാലത്ത് നാണംകുണുങ്ങിയായിരുന്നു ഉസാമയെന്ന് അമ്മ പറഞ്ഞു. ദൈവഭക്തനുമായിരുന്നു. ഇരുപതുകളിൽ ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റിയിൽ സാന്പത്തികശാസ്ത്രം പഠിക്കവേയാണ് ഉസാമ വഴിതെറ്റിയതെന്നും അമ്മ പറഞ്ഞു. മുസ്ലിം ബ്രദർഹുഡ് അംഗവും അൽ ക്വയ്ദയുടെ ആത്മീയഗുരുവുമായ അബ്ദുള്ള ആസാമിനെ ഉസാമ പരിചയപ്പെടുന്നത് ഇക്കാലത്താണ്.
അവർ അവനെ ബ്രെയിൻവാഷ് ചെയ്തു മാറ്റിക്കളയുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്ന് 48 മണിക്കൂറിനകം പിന്നിൽ ഉസാമയാണെന്ന് തങ്ങൾ അറിഞ്ഞുവെന്ന് ഉസാമയുടെ അർധസഹോദരൻ അഹമ്മദ് പറഞ്ഞു.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ സൗദി ഭരണകൂടം ബിൻ ലാദൻ കുടുംബത്തെ കർശനമായ നിരീക്ഷണത്തിലാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തിനു പുറത്തുകടക്കുന്നതിനുള്ള നിയന്ത്രണമടക്കം പിൻവലിക്കപ്പെട്ടത് അടുത്തകാലത്താണ്. പാക്കിസ്ഥാനിലെ അബോട്ടബാദിൽ ഒളിച്ചുകഴിയുകയായിരുന്ന ഉസാമയെ 2011ൽ യുഎസ് സേന രഹസ്യ ഓപ്പറേഷനിൽ വധിക്കുകയായിരുന്നു.