കൊച്ചി: നൂറ്റിയെട്ടു ദിവസം നീണ്ടുനിന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിനു കൊടിയിറങ്ങി. കലാവിരുന്നിന്റെ ക്യുറേറ്റർ സുദർശൻ ഷെട്ടി ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിലെ പ്രധാന വേദിയിൽ ബിനാലെ പതാക താഴ്ത്തിയതോടെ പ്രദർശനത്തിനു പരിസമാപ്തിയായി. സമാപനചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മുഖ്യപ്രഭാഷണം നടത്തി.
രാജ്യത്തെ സാംസ്കാരിക മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നു മന്ത്രി പറഞ്ഞു. അത്തരം വെല്ലുവിളികൾക്കെതിരേയുള്ള പ്രതിരോധമെന്ന നിലയിലാണ് ബിനാലെ പോലുള്ള കലാപ്രദർശനങ്ങളെ സർക്കാർ കാണുന്നത്. ബിനാലെ നാലാം ലക്കവും ശക്തമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി മേയർ സൗമിനി ജെയിൻ, മുൻമന്ത്രി എം.എ. ബേബി, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, സബ് കളക്ടർ ഡോ. അഥീല അബ്ദുള്ള, മുൻ മേയർ കെ.ജെ. സോഹൻ, ലളിതകല അക്കാദമി ചെയർമാൻ സത്യപാൽ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു ട്രസ്റ്റ് അംഗങ്ങളായ, ഡോ. രുചിര ഘോഷ്, ബോണി തോമസ്, സുനിൽ വി, അലക്സ് കുരുവിള, ബിനാലെ സിഇഒ മഞ്ജു സാറാ രാജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ബിനാലെ ക്യുറേറ്റർ സുദർശൻ ഷെട്ടി, ഹോർമിസ് തരകൻ, സുഭാഷ് ചന്ദ്രൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സ്റ്റുഡന്റ്സ് ബിനാലെ പുരസ്കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. ശരത് ശശി, ശ്രേയ ശുക്ല എന്നിവർ അന്താരാഷ്ട്രതല പുരസ്കാരം നേടി.
അഞ്ജു ആചാര്യ, സഹിൽ നായിക് എന്നിവർക്കാണ് ദേശീയ അവാർഡ്, ജെ ജെ സ്കൂൾ മുംബൈ, ഗവണ്മന്റ് ഫൈൻ ആർട്സ് കോളജ് കുംഭ കോണം, ചെന്നൈ എന്നിവ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം നേടി. സി.പി. കൃഷ്ണപ്രിയയാണ് മികച്ച സ്റ്റുഡന്റ്സ് ക്യുറേറ്റർ. തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത വിരുന്ന് സമാപന ചടങ്ങിന്റെ പ്രധാനആകർഷണമായി. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി കൊടുങ്ങല്ലൂരിനടുത്തെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ബിനാലെ വേദികൾ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാ വേദികളും ഫോർട്ടുകൊച്ചി മട്ടാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു.
കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി ഫൗണ്ടേഷൻ നിരവധി പരിപാടികൾ നടത്തിയിരുന്നു. കുട്ടികളിൽ കലാവബോധം വളർത്തുന്നതിനു വേണ്ടി ആർട്ട് ബൈ ചിൽഡ്രൻ, ഫൈൻ ആർട്ട്സ് വിദ്യാർഥികൾക്കായി സ്റ്റുഡന്റ്സ് ബിനാലെ, 100 ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവം, ലെറ്റ്സ് ടോക്ക് സംഭാഷണ പരന്പര എന്നിവയെല്ലാം കൊച്ചിയിലെ കലാകുതുകികൾക്ക് ഉത്സവാന്തരീക്ഷമാണ് ബിനാലെ പ്രദാനം ചെയ്തത്.