കൊച്ചി: കൊച്ചി ബിനാലെയിൽ ശ്രദ്ധേയമായി കുടുംബശ്രീ സ്റ്റാൾ. കുടുംബശ്രീ സ്റ്റാളുകളെന്നാൽ ഏവരുടെയും മനസിലേക്ക് ഓടിയെത്തുന്നത് രുചികരമായ ഭക്ഷണമാണെങ്കിൽ കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ കബ്രാൾ യാർഡിലെ കുടുംബശ്രീ സ്റ്റാളിൽ ലഭിക്കുന്നത് ഭക്ഷണത്തിലൂടെയുള്ള സമകാലീന കലാമികവിന്റെ അനുഭവം കൂടിയാണ്.
ബിനാലെ മൂന്നാം ലക്കത്തിൽ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് വരയുടെ പെണ്മ എന്ന കലാപരിശീലന കളരി കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഫോർട്ടുകൊച്ചി പെപ്പർഹൗസിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന റസിഡൻസി പരിപാടിയും നടന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം ബിനാലെ നാലാം ലക്കത്തിൽ കുടുംബശ്രീ സ്റ്റാൾ ഏവരെയും ആകർഷിക്കുന്നു.
കുടുംബശ്രീയുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണു ബിനാലെ പവലിയനിൽ സ്റ്റാൾ ആരംഭിച്ചത്. ഈ സഹകരണം ഏറെ അഭിമാനം പകരുന്നതാണെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പ്രതിമാനിർമാണം, ചിത്രരചന തുടങ്ങിയവയിൽ താത്പര്യമുള്ളവർക്കു പ്രത്യേകമായി ഫൗണ്ടേഷൻ പരിശീലനം നൽകി.
ധാരണാപത്രം ഒപ്പിട്ടതോടെ കുടുംബശ്രീ പ്രവർത്തകരുടെ സൃഷ്ടികൾ കലാപരമായി മികച്ച രീതിയിൽ അവതരിപ്പിക്കാൻ സഹായിക്കുമെന്നു ബോസ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമോദാഹരണമാണ് കുടുംബശ്രീയെന്നും ബോസ് കൂട്ടിച്ചേർത്തു.കൊച്ചി ബിനാലെ നാലാം ലക്കത്തിൽ ഒരുക്കിയിരിക്കുന്ന രണ്ട് ഭക്ഷണ പ്രതിഷ്ഠാപനങ്ങളിലൊന്നാണു കുടുംബശ്രീ. ചായ, കാപ്പി, ചെറുകടി എന്നിവയ്ക്ക് ഒരു വിഭാഗവും ഊണ്, ജ്യൂസ് തുടങ്ങിയ പ്രധാന വിഭവങ്ങൾക്ക് മറ്റൊരു വിഭാഗവുമാണു സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ 20 ദിവസങ്ങൾ തോറും സ്റ്റാളിലെ സംഘാംഗങ്ങൾ മാറും.
ഒരേ സമയം 12 മുതൽ 15 കുടുംബശ്രീ പ്രവർത്തകരാണ് സ്റ്റാളിലുണ്ടാകുന്നത്. 2019 മാർച്ച് 29 ന് ബിനാലെ അവസാനിക്കുന്പോഴേക്കും കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുള്ള കുടുംബശ്രീ പ്രവർത്തകരും ബിനാലെ സ്റ്റാളിൽ പങ്കാളികളാകും. രാവിലെ 10 മുതലാണ് സ്റ്റാളിന്റെ പ്രവർത്തനം. മിതമായ നിരക്കിലുളള വൈവിധ്യമാർന്ന നെല്ലിക്കാ ജ്യൂസാണ് ഇവിടുത്തെ സ്പെഷ്യൽ.
തേൻ, ബീട്രൂട്ട്, പുതിനയില തുടങ്ങിയവ ചേർത്ത ജ്യൂസ്, പ്രമേഹരോഗികൾക്കു മധുരമിടാത്ത ജ്യൂസ് എന്നിവയും ഇവിടെലഭിക്കും.അവൽ ഷെയ്ക്ക്, പാൽ സർബത്ത് തുടങ്ങിയവയും ഇവിടെയുണ്ട്. അന്പത് രൂപയ്ക്ക് ഊണും മീൻ കറിയും ലഭിക്കും. നെയ്ച്ചോറിനും കോഴിക്കറിയ്ക്കും 120 രൂപയാണ് വില. ഇത് കൂടാതെ വിവിധയിനം പുട്ടുകളും ലഭിക്കും. വാഴക്കൂന്പ് കട്ലറ്റ്, പഴം നിറച്ചത് തുടങ്ങിയവയാണ് ചെറുകടി വിഭാഗത്തിലെ വൈവിധ്യങ്ങൾ.