കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ ഒറ്റനോട്ടം കൊണ്ട് എല്ലാവരെയും ആകർഷിക്കുന്ന പ്രതിഷ്ഠാപനമാണ് ബംഗ്ലാദേശി കലാകാരി മർസിയ ഫർഹാനയുടേത്. മുറിക്കുള്ളിൽ എല്ലാ ഗൃഹോപകരണങ്ങളും തല കീഴായി കിടക്കുന്നു. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയത്തിന്റെ നേർക്കാഴ്ചയാണ് ഫർഹാനയുടെ ഈ പ്രതിഷ്ഠാപനം.
പ്രളയക്കെടുതികളെ എങ്ങിനെയാണോ കേരളത്തിലെ ജനങ്ങൾ നേരിട്ടനുഭവിച്ചത്, അതേ രീതിയിൽ തന്നെയാണ് ഈ പ്രതിഷ്ഠാപനവും. ഫ്രിഡ്ജ്, അലമാര, ടിവി, വാഷിംഗ് മെഷീൻ തുടങ്ങി എല്ലാം തല കീഴായി തൂങ്ങിക്കിടക്കുന്നു. മേൽക്കൂരയിൽനിന്നും ഉരുക്ക് കയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.
ഇക്കോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീഫാൾ എന്നതാണ് ഈ പ്രതിഷ്ഠാപനത്തിന് ഫർഹാന നൽകിയിരിക്കുന്ന പേര്. മനുഷ്യൻ പ്രകൃതിയോട് എങ്ങിനെ പെരുമാറുന്നുവോ അതു തന്നെ തിരിച്ചും പ്രതീക്ഷിക്കാമെന്ന് അവർ പറഞ്ഞു.
ചരിത്രത്തിൻറെ പരിണാമസന്ധിയിൽ പെട്ട് പോയി താഴേക്ക് പതിക്കുന്ന മനുഷ്യകുലത്തെയാണ് തലകീഴായി കിടക്കുന്ന ഗൃഹോപകരണങ്ങൾ സൂചിപ്പിക്കുന്നത്. തത്വദീക്ഷയില്ലാതെ ഭൂമിയെ ചൂഷണം ചെയ്യുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളാണ് ഇതിലൂടെ വിവരിക്കുന്നത്.
എന്നാൽ കേവലം മനുഷ്യന്റെ ദുരിതാവസ്ഥ മാത്രമല്ല ഫർഹാന പറയാൻ ശ്രമിക്കുന്നത്. മറിച്ച മുതലാളിത്ത വ്യവസ്ഥിതി ആധുനികതയുടെ മറവിൽ നടപ്പിൽ വരുത്തിയ പുതിയ സാമൂഹ്യ-രാഷ്ട്രീയ സംവിധാനത്തിൻറെ പരാജയമായി കൂടി ഇതിനെ വർണിക്കാം. ഈ പ്രതിഷ്ഠാപനത്തിലൂടെ ഇത്തരം പ്രവണതകൾക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു.
സമൂഹത്തിൽ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സഹതാപവും അനുതാപവും തിരികെ കൊണ്ടുവരാനും ഇതിലൂടെ മർസിയ ഫർഹാന ശ്രമിക്കുന്നുണ്ട്. മൂലധനധിഷ്ഠിതമായ കോർപ്പറേറ്റ് ലോകത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളാണിതെന്നും അവർ ചൂണ്ടിക്കാട്ടി.