ന്യൂഡൽഹി: ബിനാമി ഇടപാടുകൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ കുഴൽപ്പണ വിനിമയത്തിനും കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി സ്ഥലമിടപാടുകളിൽ ആധാർ നിർബന്ധമാക്കുന്നു. പ്രമാണം രജിസ്ട്രേഷൻ, വില്പന എഗ്രിമെന്റ്, പവർ ഓഫ് അറ്റോർണി തുടങ്ങിയവയ്ക്ക് ഇനി മുതൽ ആധാർ കൂടിയേ തീരൂ. വൈകാതെ തന്നെ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനവും നിലവിൽവരും.
ഇനി മുതൽ രജിസ്ട്രേഷൻ ഓഫീസിൽ സമർപ്പിക്കുന്ന പ്രമാണങ്ങൾക്കൊപ്പം ഉടമയുടെ ആധാർ രേഖകളും നൽകണം. വ്യാജരേഖകളിലും ബേനാമി ഇടപാടിലും ഭൂമി വാങ്ങുന്നവർ വഞ്ചിതരാകുന്ന പ്രവണത ഏറിവരുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ നയം ഉപകരിക്കും. ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലുള്ള ഭൂവിഭവ വകുപ്പ്, ഇടപാടുകളിൽ ആധാർ നിർബന്ധമാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരിനു റിപ്പോർട്ടു നൽകിയിരുന്നു.