ചെറുപുഴ: ഈസ്റ്റ് എളേരി അരിമ്പയിലെ പരേതനായ കിഴക്കേൽ മനോജിന്റെ ഭാര്യ ബിന്ദു (42) വിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കർമസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജനുവരി 13നാണ് കഴുത്തിനും കൈക്കുമുണ്ടായ വേദനയെത്തുടർന്ന് സ്വകാര്യ ബസിൽ കയറി ബിന്ദു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഇവരുടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു.
ചികിത്സയിലെ പിഴവുമൂലമാണ് നില ഗുരുതരമായതെന്ന് കർമസമിതി പറയുന്നു. സ്വകാര്യ ആശുപത്രിയിലെ രേഖകൾ പ്രകാരം 18ന് രാവിലെ 11നാണ് ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചത്.
എന്നാൽ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ് കാർഡിൽ 16നാണ് ഡിസ്ചാർജ് കാണിച്ചിരിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ട്. ഡിസ്ചാർജാകുന്നതുവരെ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
അങ്ങനെയുള്ള ബിന്ദുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബിന്ദുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണം.
18ന് രാത്രി ഒന്നോടെയാണ് ബിന്ദു മരിച്ചതെന്നാണ് ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നുദിവസം കഴിഞ്ഞ് 21നാണ് കോവിഡ് ബാധിതയാണെന്ന കാരണത്താൽ പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകിയത്.
ബിന്ദു കോവിഡ് ബാധിതയാണോയെന്ന് സംശയമുണ്ട്. കോവിഡ് ബാധിതയാണെങ്കിൽ ചികിത്സിച്ച ഡോക്ടറും ആംബുലൻസിൽ അനുഗമിച്ച നഴ്സുമാരും എന്തുകൊണ്ട് ക്വാറന്റൈനിൽ പോയില്ലെന്നു വ്യക്തമാക്കണമെന്നും കർമസമിതി ആവശ്യപ്പെട്ടു.
ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് മനോജ് അഞ്ചുവർഷം മുന്പ് തെങ്ങിന്റെ മുകളിൽനിന്ന് വീണു മരിച്ചിരുന്നു. മരണശേഷം വിദ്യാർഥികളായ രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന്റെ ചുമതല ബിന്ദുവിനായിരുന്നു.
സ്വന്തമായി ഒരു വീടുപോലും ഇല്ലാതിരുന്ന ഈ കുടുംബത്തിന് ചെറുപുഴ ജെഎം യുപി സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ഉദാരമതികളും ചേർന്ന് രണ്ടു വർഷം മുന്പ് വീട് നിർമിച്ചുനൽകുകയായിരുന്നു.
പത്രസമ്മേളനത്തിൽ കർമസമിതി ഭാരവാഹികളായ വി.വി. അജയകുമാർ, പ്രവീൺ കുമാർ, എ. വിനോദ് കുമാർ, രവി വാഴക്കോടൻ, എൻ.വി. ശിവദാസൻ, എം. കുഞ്ഞിരാമൻ, എ. ഉല്ലാസ് എന്നിവർ പങ്കെടുത്തു.