കോഴിക്കോട്: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ശബരിമല സന്ദര്‍ശിച്ചതെന്നും ഇനി ശബരിമലയിലേക്കില്ലെന്നും ബിന്ദു അമ്മിണി.
ഹിന്ദുത്വത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ആക്രമം നടത്തിയപ്പോഴാണ് ശബരിമല സ്ത്രീപ്രവേശനം അനിവാര്യമായി തോന്നിയതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല പ്രവേശനം മുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലേക്ക് എത്തിച്ച് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
സമൂഹമാധ്യമം വഴിയും ഫോണിലൂടെയും വധഭീഷണിയും, തന്റെതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുകയാണ്.
ഇവര്ക്കെതെിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. ഇക്കഴിഞ്ഞ 18ന് ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്ത്തകന് തന്നെ ആസിഡ് ഒഴിച്ചു കത്തിക്കുമെന്ന് വധഭീഷണി മുഴക്കി. ഇയാള്‍ക്കെതിരെ ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ കൊയിലാണ്ടി സിഐ ഫോണില്‍ വിളിച്ച് പത്തനംതിട്ട സ്റ്റേഷനില്‍ പോയി പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്.
തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന അശ്ലീല വീഡിയോവുമായി ബന്ധപ്പെട്ട പരാതിയില്‍ ഒന്നര വര്‍ഷമായിട്ടും കൊയിലാണ്ടി പോലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും ബിന്ദു ആരോപിച്ചു.
സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള പോലീസ് സംരക്ഷണവും കൊയിലാണ്ടി പോലീസ് പിന്‍വലിച്ചിരിക്കുകയാണ്.
വധ ഭീഷണി മുഴക്കിയവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.