ഒരു ജനതയെ മുഴുവന്‍ അക്രമത്തിലേയ്ക്ക് തിരിച്ചുവിട്ട് ശബരിമല ദര്‍ശനം നടത്തി, മലയിറങ്ങിയെങ്കിലും സ്വന്തം വീടുകളിലേയ്ക്കോ നാട്ടിലേയ്ക്കോ പോലും തിരിച്ചെത്താനാവാത്ത അവസ്ഥയിലാണ് ബിന്ദുവും കനക ദുര്‍ഗയും.
ജീവന് പോലും ഭീഷണിയുള്ള സാഹചര്യത്തില്‍ ഇവരുടെ ഭര്ത്താക്കന്മാരും വീടൊഴിഞ്ഞെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി- സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയുള്ള സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് യുവതികള്ക്കുള്ളത്.
ക്ഷേത്രദര്‍ശനത്തിന് ശേഷം ബിന്ദുവും കനകദുര്‍ഗയും അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു പോയത്. എന്നാല്‍ പ്രതിഷേധം ഭയന്ന് അവിടെ നിന്ന് ഇറങ്ങിയ ഇരുവരും വീണ്ടും പോലീസ് സംരക്ഷണം തേടിയിരുന്നു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റിയിരിക്കുകയാണ്. ഇതോടെ ഇവരുടെയും സ്വന്തം വീടുകളിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് കെ. വി. ഹരിഹരന് ഒരു മാധ്യമത്തോട് പറയുകയും ചെയ്തു. കോടതി വിധിയുമായി ബന്ധപ്പെട്ട് തുല്യതയും സാമൂഹ്യനീതിക്കും വേണ്ടിയാണ് റിസ്ക് എടുത്തത്. ഇപ്പോഴത്തെ വയലന്റായ സിറ്റ്വേഷനില്‍ വീണ്ടും റിസ്ക് എടുക്കേണ്ടല്ലോ. ഒന്നു രണ്ട് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് വരാമെന്നാണ് കരുതുന്നതെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് കെ. വി. ഹരിഹരന് പറഞ്ഞു.
പ്രതിഷേധക്കാര്‍ വീടുകള്‍ ഉന്നം വെച്ചിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഇവര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊയിലാണ്ടിയിലെ ബിന്ദുവിന്റെ വീട് പോലീസ് സംരക്ഷണയിലാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ കനകദുര്‍ഗയുടെ വീട്ടില്‍ നിന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും പ്രതിഷേധം കണക്കിലെടുത്ത് മാറി നില്‍ക്കുകയാണ്. ഇവരുടെ വീടും പോലീസ് കാവലിലാണ്. പ്രതിഷേധത്തിന് അയവ് വരാതെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
ഇതിനിടെ ബിന്ദുവിനെയും കനക ദുര്‍ഗയെയും കര്‍ണാടകയിലെ ലോഡ്ജിലാണ് പോലീസ് ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
അതേസമയം അജ്ഞാത കേന്ദ്രത്തിലിരുന്നു തന്നെ ഇരുവരും ഒരു വാര്‍ത്താ മാധ്യത്തിന് നല്കിയ അഭിമുഖത്തില്‍ പോലീസ് ഞങ്ങളെ ഉപകരണങ്ങളാക്കുകയല്ല. മറിച്ച് ഞങ്ങള്‍ പോലീസിനെ ഉപകരണമാക്കുകയായിരുന്നു എന്ന് യുവതികള്‍ പറഞ്ഞു. ഞങ്ങളെ തിരിച്ചറിഞ്ഞിട്ടും ഭക്തരാരും പ്രതിഷേധിച്ചില്ലെന്നും മല ചവിട്ടിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇരുവരും പറഞ്ഞു.