ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ യുവതികളായ ബിന്ദുവിനും കനക ദുർഗയ്ക്കും പോലീസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. ബിന്ദുവും കനക ദുർഗയും ആവശ്യപ്പെടുന്ന വിധത്തിൽ സുരക്ഷ നൽകണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്നും കോടതി നിരീക്ഷിച്ചു. ബിന്ദുവിനും കനക ദുർഗയ്ക്കും ഉൾപ്പെടെ 51 യുവതികൾക്ക് സുരക്ഷ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതി അറിയിച്ചു. ഇവർക്കുള്ള സുരക്ഷ തുടരാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
മുഴുവൻസമയ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് കനക ദുർഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ആണ് ഇരുവർക്കും വേണ്ടി ഹാജരായത്.
ശബരിമല നട ശനിയാഴ്ച അടയ്ക്കുന്നതിനാൽ ഈ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് അയ്യപ്പഭക്തർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മാത്യു നെടുംപാറ ആവശ്യപ്പെട്ടു. എന്നാൽ ചീഫ് ജസ്റ്റീസ് ഈ ആവശ്യം തള്ളുകയായിരുന്നു.