ഡൊമനിക് ജോസഫ്
മാന്നാർ (ആലപ്പുഴ): വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അടിമുടി ദുരൂഹത.
യുവതി പോലീസിനു കൊടുത്ത മൊഴിയും ഞെട്ടിക്കുന്നതാണ്. തട്ടിക്കൊണ്ടു പോയവരുമായി യുവതിക്കു ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
തട്ടിക്കൊണ്ടു പോയവർ യുവതിയെ വടക്കേഞ്ചേരിയിൽ ഇറക്കി വിട്ട ശേഷം രക്ഷപ്പെട്ടുവെന്നാണ് യുവതി പോലീസിനു നൽകിയ മൊഴി. എന്നാൽ, പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യബിന്ദു(39)വിനെയാണ് 15 അംഗസംഘം വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ 19ന് നാട്ടിൽ എത്തിയ ബിന്ദു ക്വാറന്റൈനിൽ കഴിയന്നതിനിടയിലാണ് സംഭവങ്ങൾ ഉണ്ടായത്.
ദുബൈയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസം മൂന്നു പേർ ഇവിടെ എത്തുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ദുബൈയിൽനിന്നു കൊടുത്തു വിട്ട സ്വർണം തിരികെ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.
സ്വർണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നു ബിന്ദു പറഞ്ഞപ്പോൾ ആള് മാറിപ്പോയതാണെന്ന് പറഞ്ഞ് ഇവർ തിരികെ പോകുകയും ചെയ്തു.
എന്നാൽ ബിന്ദു നാട്ടിൽ വന്ന നാൾ മുതൽ നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്നലെ പുലർച്ചയോടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.കൈയും കാലും കെട്ടി വായിൽ തുണി തിരുകി കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് വാഹനത്തിൽ കിടത്തിയിരുന്നത്.മാന്നാർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
തുടർന്ന് ജില്ലാ പോലീസ് മേധാവി പി.ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേണത്തിന് വേണ്ട നേതൃത്വം നൽകി.
സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് മനസിലാക്കിയ പോലീസ് മലപ്പുറം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
മാന്നാറിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ വടക്കാഞ്ചേരിയിൽ നിന്നും യുവതിയെ കണ്ട് കിട്ടിയ വിവരം ലഭിക്കുന്നത്.
വടക്കാഞ്ചേരി പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മാന്നാർ പോലീസിന് ഇന്നലെ രാത്രിയോടെ കൈമാറി.
യുവതി ചെറിയ മീനല്ല!
ബിന്ദുവിനെ മാന്നാറിൽനിന്നു തട്ടിക്കൊണ്ടു പോയവർക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു പോലീസ് കരുതുന്പോഴും യുവതിക്ക് ഇവരുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നു.
ഇവരുടെ പാസ്പോർട്ട് വീട്ടിൽ നിന്നു കണ്ടെടുത്ത പോലീസ് പല തവണ കേരളത്തിൽ വന്നു മടങ്ങിയതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു.
പലപ്പോഴും വീട്ടിൽ പോലൂം വരാതെയാണ് നാട്ടിൽ വന്നു മടങ്ങിയതെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടത്തി.
വിദേശത്തുനിന്നു കേരളത്തിലേക്കു സ്വർണം കടത്തിക്കൊണ്ട് വരുന്ന സംഘത്തിലെ വാഹകരിൽ ഉൾപ്പെട്ടതാണ് ഇവരെന്നു പോലീസ് പറഞ്ഞു. ഇവരുടെ മൊഴിയിലൂടെ പോലീസ് ഇതു സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മൂന്നു തവണ സ്വർണം കടത്തിയെന്നും അവസാനം കൊണ്ടുവന്ന ഒന്നര കിലോ സ്വർണം വഴിയിൽ ഉപേക്ഷിച്ചുവെന്നുമാണ് ഇവർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
എന്നാൽ, ദുബൈയിൽനിന്നു വന്ന ഇവർ മാലിദ്വീപിൽ എത്തിയ ശേഷമാണ് നെടുന്പാശേരിയിൽ എത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയ പ്രതികളെ കിട്ടിയ ശേഷം ഇവരെ കൂടുതൽ ചെയ്യുന്നതിലൂടെ മാത്രമേ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരൂവെന്നാണ് പോലീസ് പറയുന്നത്.
വടക്കേഞ്ചേരിയിൽനിന്നു കണ്ടെത്തിയ ഇവരെ മാന്നാറിലെത്തിച്ചു കോടതിയിൽ ഹാജരാക്കി വിട്ടയച്ചു.
വഴിയിൽ ഇറക്കി വിട്ടതിലും ദുരൂഹത
മാന്നാർ: ഒന്നര കിലോയോളം വരുന്ന സ്വർണം തിരികെ നൽകുകയോ അല്ലെങ്കിൽ പണം നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ടു പുലർച്ചെ തട്ടിക്കൊണ്ടുപോയ യുവതിയെ വഴിയിൽ ഇറക്കിവിട്ടതിലും ദുരൂഹത.
സംഭവം വലിയ വാർത്തയായതോടെ പ്രതികൾക്കു രക്ഷപ്പെടുവാൻ വേണ്ടി ഉപേക്ഷിച്ചതായിട്ടാണ് ഇവരുടെ മൊഴിയിൽ പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന നാലു പേരായിരുന്നുവെന്നും ഒരു ഉപാധിയും കൂടാതെ വഴിയിൽ ഇറക്കി വിടുകയുമായിരുന്നുവെന്നുമാണ് ബിന്ദു പറയുന്നത്.
വീട്ടിൽനിന്നു വലിച്ചിഴച്ചു കൊണ്ടുപോയപ്പോഴുള്ള പരിക്കുകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പോയ വഴിയിൽ സ്വർണം സംബന്ധിച്ച് ഇവർ തട്ടിക്കൊണ്ടുപോയവരുമായി ധാരണ ഉണ്ടായതിന്റെ പേരിൽ ഇറക്കി വിട്ടതാകാമെന്നുംപോലീസ് കരുതുന്നു.
തട്ടിക്കൊണ്ടു പോയ പ്രതികളെ പിടികൂടിയാൽ മാത്രമേ യുവതിക്കു സ്വർണക്കടത്തുമായിട്ടുള്ള കൂടുതൽ ബന്ധം വെളിച്ചത്തു വരുകയുള്ളു.
അയൽക്കാർ അറിയുന്നത് രാവിലെ!
മാന്നാർ: വീട് വെട്ടിപ്പൊളിച്ച് അകത്തുകടന്ന് ഒരു യുവതിയെ തട്ടിക്കൊണ്ടുപോയിട്ടു അയൽക്കാർ പോലും അറിയുന്നതു രാവിലെ പോലീസ് എത്തിയപ്പോൾ.
അയൽക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലായിരുന്നു ഇവരുടെ താമസം.
ഭർത്താവും ഭാര്യയും വിദേശത്ത് ഉയർന്ന ജോലിചെയ്യുന്നുവെന്നു മാത്രമാണ് അയൽക്കാർക്ക് അറിയാവുന്നത്. എന്നാൽ, വളരെ പെട്ടെന്നു വലിയ വീടും മറ്റും നിർമിച്ചതിൽ നാട്ടുകാർ വിസ്മയിച്ചിരുന്നു.
കൂടാതെ ഇവർ ഇടയ്ക്കിടെ നാട്ടിൽ വരികയും പോകുകയും ഒക്കെ ചെയ്യുന്നതും നാട്ടുകാർക്ക് അന്പരപ്പായിരുന്നു. ഉയർന്ന ജോലി ഉള്ളതിനാൽ അതിനു തക്ക വരുമാനം ഉള്ളതിനാലാണ് ഇങ്ങനെ വന്നും പോയും ഇരുന്നതെന്നാണ് നാട്ടുകാർ ധരിച്ചിരുന്നത്.
തട്ടിക്കൊണ്ടുപോകലിനു ശേഷമാണ് സംഭവത്തിന്റെ കിടപ്പ് നാട്ടുകാർക്ക് പിടികിട്ടിയത്.
കസ്റ്റംസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: മാന്നാറിൽ അർധരാത്രി യുവതിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് വ്യക്തമായതിന് പിന്നാലെ കസ്റ്റംസ് അന്വേഷണം തുടങ്ങി.
യുവതിയുടെ മാന്നാറിലെ വീട്ടിലെത്തി കസ്റ്റംസ് സംഘം വിവരങ്ങൾ ശേഖരിച്ചു.
യുവതി സ്വർണക്കടത്തുകാരുടെ വാഹകരിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസിന് വ്യക്തമായിരുന്നു. പിന്നാലെയാണ് കേസിൽ കസ്റ്റംസ് ഇടപെട്ടത്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പുറമേ മാന്നാർ പോലീസിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ജോസിന്റെ നേതൃത്വത്തിൽ മാന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ എന്നിവരുടെ നേതൃത്തിലാണ് അന്വേഷണം.
ജില്ലാ പോലീസ് മേധാവി ജി.ജയദേവ് സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.