തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയിരുന്നുവെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
ഞാൻ ബിജെപി നേതാക്കളോടും സിപിഎം നേതാക്കളോടും സംസാരിക്കും. ഞാൻ എന്നും അടിയുറച്ച കോൺഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്റെ ശ്രമമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് എനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും എന്റെ പക്കലില്ല.
ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞ ഉടൻ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന ഒരു സൂചനയും പത്മജ നൽകിയിരുന്നില്ല. ഈ വാർത്ത സത്യമാകരുതേയെന്നാണ് ഇന്നു രാവിലെയും ഞാൻ പ്രാർഥിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
നേരത്തെ. പത്മജയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പേടിയാണെന്നും അതുകൊണ്ടാണു ബിജെപിയിലേക്കു പോകുന്നതെന്നുമായിരുന്നു ബിന്ദു കൃഷ്ണ ഉന്നയിച്ച ആരോപണം. പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തിരുന്നെന്നും അവർ ബിജെപിയിൽ ചേരുന്നതു നിര്‍ഭാഗ്യകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.