ചേർത്തല: ദുരൂഹസാഹചര്യത്തിൽ യുവതിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ വ്യാജ മുക്ത്യാർ ഉപയോഗിച്ചു വിൽപ്പന നടത്തിയതിനു വിവിധ വകുപ്പുകൾ ചേർത്താണു പട്ടണക്കാട് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പുതിയ കേസിൽ പള്ളിപ്പുറം സ്വദേശി, എരമല്ലൂർ സ്വദേശിനി, ഇപ്പോൾ കുറുപ്പംകുളങ്ങരയിൽ വാടകയ്ക്കു താമസിക്കുന്ന യുവതി എന്നിവരാണു പ്രതികൾ.
വ്യാജ മുക്ത്യാറിൽ ഒപ്പിട്ട സാക്ഷികളും സബ് രജിസ്ട്രാറും ഉൾപ്പെടെയുള്ളവർ പ്രതികളാകുമെന്നാണു വിവരം. ഇതോടൊപ്പം വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ടു മറ്റു ചിലരെയും ഉൾപ്പെടുത്തിയേക്കും. എന്നാൽ, ബിന്ദുവിനെ കണ്ടെത്താനോ ഇവർ ജീവനോടെ ഉണ്ടോയെന്ന് അറിയാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വ്യാജ മുക്ത്യാർ ചമച്ച കേസിലെ മുഖ്യപ്രതി ഉൾപ്പെടെയുള്ളവരെ ഇനിയും അറസ്റ്റ് ചെയ്തു തെളിവെടുപ്പിനോ വിശദമായ ചോദ്യംചെയ്യലിനോ പോലീസ് തയാറാവാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. മുക്ത്യാർ വ്യാജമാണെന്നു കണ്ടെത്തിയിട്ടും, അതിൽ ഒപ്പിട്ട സ്ത്രീ കുറ്റസമ്മതമൊഴി നൽകിയിട്ടും അറസ്റ്റ് നീട്ടുന്നതു പ്രതിക്കു രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിനാണെന്നാണ് ആക്ഷേപം. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുമെന്നും സൂചനയുണ്ട്.