ചേർത്തല: കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുടുംബ വിൽപത്രങ്ങളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. വിൽപത്രത്തിൽ തിരിമറികളും അട്ടിമറികളും നടന്നതായാണ് സൂചന. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ബിന്ദുവിന്റെ പിതാവ് പത്മനാഭ പിള്ള 2002ൽ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുന്പുമാത്രം തയാറാക്കിയ വിൽപത്ര പ്രകാരമാണ് സ്വത്തുക്കൾ ബിന്ദു പത്മനാഭനു മാത്രമായി ലഭിച്ചിരുന്നത്. എന്നാൽ ഇതിനുമുന്പ് 1999ൽ പത്മനാഭപിള്ള തയാറാക്കിയ വിൽപത്രത്തിൽ ബിന്ദുവിനൊപ്പം ഭാര്യ അംബികാദേവി, മരുമകൾ മിനി എന്നിവർക്കും സ്വത്ത് എഴുതിയിരുന്നു.
ഇതു നിയമപരമായി റദ്ദാക്കാതെയാണ് രണ്ടാമത്തെ വിൽപത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു വ്യാജമാണെന്നും അട്ടിമറി നടന്നതായുമാണ് പ്രാഥമികനിഗമനം. ഇതു സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് നൽകുന്ന സൂചന.