കോടികളുടെ സ്വത്തുക്കള്‍ക്ക് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വസ്തു ഇടനിലക്കാരനെ പോലീസ് ചോദ്യം ചെയ്തു. അമ്മാവന്‍ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാളുടെ മൊഴി ഡിവൈഎസ്പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രേഖപ്പെടുത്തിയത്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മാനിവാസില്‍ ബിന്ദു പത്മനാഭനെ (44) നാലുവര്‍ഷമായി കാണാനില്ലെന്നു കാട്ടിയാണ് ഇറ്റലിയിലുള്ള സഹോദരന്‍ പി.പ്രവീണ്‍കുമാര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിരിക്കുന്നത് വ്യാജരേഖകളുണ്ടാക്കിയാണെന്നാണ് ആക്ഷേപം.
കാണാതാകുന്നതിനു മുമ്പ് ബിന്ദു റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നതായി ബന്ധക്കളോടു പറഞ്ഞിരുന്നു. പള്ളിപ്പുറം സ്വദേശിയായ വസ്തു ഇടനിലക്കാരനുമായി ചേര്‍ന്നായിരുന്നു ഇടപാടുകള്‍. ഡ്രൈവറായിരുന്ന ഇയാള്‍ പിന്നീട് വസ്തു ഇടപാടുകാരനായി മാറുകയായിരുന്നു. ബിന്ദുവിന്റെ കൈകളിലെത്തിയ സ്വത്തുക്കളുടെ ഇടപാടുകള്‍ നടത്തിയിരുന്നത് ഇയാള്‍ വഴിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്തകാലത്തിലായി ഇയാള്‍ സാമ്പത്തികമായി വലിയനേട്ടങ്ങളുണ്ടാക്കിയത് നാട്ടില്‍ ചര്‍ച്ചാവിഷയമാണ്. ഇക്കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
2003ലെ വസ്തു ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2013ല്‍ നടത്തിയ വസ്തു ഇടപാടും പരിശോധിക്കും. എരമല്ലൂര്‍ സ്വദേശിനിയായ യുവതിയുടെ ഫോട്ടോ പതിച്ച് ബിന്ദുവെന്ന പേരിലാണ് കൈമാറ്റം നടന്നത്. എരമല്ലൂര്‍ സ്വദേശിനിയായ യുവതിയും പോലീസിന്റെ നീരിക്ഷണത്തിലാണ്. വസ്തു ഇടപാടുകളില്‍ ഹാജരാക്കിയ രേഖകളുടെ നിജസ്ഥിതിയും പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സഹോദരി ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്തംബര്‍ 16നാണ് പ്രവീണ്‍കുമാര്‍ ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.
പരാതി നല്‍കിയിട്ട് അഞ്ചുമാസത്തോളം അന്വേഷണം നടത്താതിരുന്നത് കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോഴാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗൗരവമായ പരാതിയില്‍ ആവശ്യമായ അന്വേഷണം നടത്താതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കോടികള്‍ തിരിമറി നടന്നിട്ടുള്ള സംഭവത്തിനുപിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് സംശയം. യുവതിയുടെ പണം തട്ടിയെടുത്തശേഷം അവരെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് നല്കുന്ന സൂചന.