മലയാള സിനിമാസ്വാദകര്‍ക്ക് ചിരി വിരുന്നൊരുക്കിയ ചിത്രമായിരുന്നു, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം. രാജസേനന്റെ സംവിധാനത്തില്‍ നഗ്മ, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് തകര്‍ത്ത ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഓരോന്നും മലയാളി പ്രേക്ഷകര്‍ക്ക് ഇപ്പോഴും പ്രിയങ്കരമാണ്.
ചിത്രത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ തെറ്റിച്ച് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ബിന്ദു പണിക്കരുടെ കഥാപാത്രം ഇന്ദുമതിയെ ആരും മറക്കില്ല. ഇപ്പോഴിതാ വീണ്ടും ബിന്ദു പണിക്കര്‍ ഇന്ദുമതിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ഭര്‍ത്താവായി ജഗതി ശ്രീകുമാറിന് പകരം സ്വന്തം ഭര്‍ത്താവ് സായ് കുമാര്‍ ആണെന്ന് മാത്രം.
പൊങ്ങച്ചക്കാരിയായ ഇന്ദുമതിയെ ടിക് ടോകിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ബിന്ദു പണിക്കര്‍. ‘വയറില്ലാത്ത ഫോണ്‍ വേണം’ എന്ന് ഇന്ദുമതി പറയുന്നതു കേട്ട് ‘മൊബൈലോ’ എന്നു ചോദിച്ച് ഞെട്ടുന്ന ഭര്‍ത്താവായി സായ്കുമാറും കൈയടി നേടുന്നു. പത്തിരുപതടി നീളമുള്ള ടി.വിയെന്നും വയറില്ലാത്ത ഫോണ്‍ അതൊരെണ്ണം മതി’ എന്നും ഇന്ദുമതി പറയുന്നതു കേട്ട് ഞെട്ടിയിരിക്കുന്ന ഭര്‍ത്താവ് സായ്കുമാറും ഒപ്പം തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു.
ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയുടെ ടിക് ടോക് അക്കൗണ്ടിലാണ് ഇവരുടെ വീഡിയോ വന്നിരിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് കല്യാണിയും കമന്റ് ചെയ്തിട്ടുണ്ട്. ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് കല്യാണി എന്ന വിളിപ്പേരുള്ള അരുന്ധതി.
https://youtu.be/eNLXDXHEwBQ